‘വഴികാട്ടിയായ നേതാവ്, പ്രവർത്തകർ മാതൃകയാക്കണം’; മലപ്പുറത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് അപ്രതീക്ഷിതമായി എത്തി രാഹുല്‍ ഗാന്ധി

Wednesday, July 26, 2023

 

മലപ്പുറം: തനിക്ക് വഴികാട്ടിയായിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി. അധികാരം കൊണ്ട് അഹങ്കരിക്കാത്ത നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ചെറുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകരെല്ലാം ഉമ്മൻ ചാണ്ടിയെ മാതൃകയാക്കി പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മലപ്പുറം ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുൽ ഗാന്ധി ചടങ്ങിനെത്തിയത്. കോട്ടക്കലിൽ ചികിത്സയിലുള്ള രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾക്കു പോലും അറിവുണ്ടായിരുന്നില്ല. ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത് സംസാരിക്കുന്നതും ആദ്യമായിട്ടാണ്. 20 വർഷമായി എനിക്ക് ഉമ്മൻ ചാണ്ടിയെ അറിയാമെന്നും ആരും എന്നോട് ഇന്നേവരെ ഉമ്മൻ ചാണ്ടിയെക്കുറിച്ച് നെഗറ്റീവായ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു. അധികാരംകൊണ്ട് അഹങ്കരിക്കാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഭാരത് ജോഡോ യാത്രയിൽ ഉമ്മൻ ചാണ്ടി തനിക്കൊപ്പം നടക്കുന്നതിനെ താൻ വിലക്കിയിരുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടി എനിക്കൊപ്പം നടന്നുവെന്ന് രാഹുൽ ഗാന്ധി ഓർമ്മിച്ചു. താൻ കൈ പിടിച്ച് നടത്താൻ ശ്രമിച്ചെങ്കിലും ആ സഹായം പോലും ഉമ്മൻ ചാണ്ടി നിരസിച്ചു. കേരളത്തിലെ ചെറുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകരെല്ലാം ഉമ്മൻ ചാണ്ടിയെ മാതൃകയാക്കി പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എഐസിസിസി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, എപി അനിൽ കുമാർ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ് തുടങ്ങിയവർ പങ്കെടുത്തു. ചാണ്ടി ഉമ്മൻ നന്ദി പറഞ്ഞു.