നിങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കര്‍ഷകരും യുവാക്കളും കരയുകയാണ്; നൂറു ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാക്കപ്പെടും: മോദിയോട് രാഹുല്‍

Jaihind Webdesk
Sunday, January 20, 2019

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന വിശാല പ്രതിപക്ഷ സഖ്യ റാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കര്‍ഷകരുടെയും തൊഴില്‍ ലരിഹതരായ യുവാക്കളുടെയും കരച്ചിലാണ് രാജ്യത്ത് കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് തൊഴില്‍ രഹിതരായ യുവാക്കളും ദുരിതം അനുഭവിക്കുന്ന കര്‍ഷകരും അടിച്ചമര്‍ത്തപ്പെട്ട ദലിതരും ആദിവാസികളും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളും നിങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്ന രക്ഷപ്പെടാനായി കരയുകയാണ്. നൂറുദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാക്കപ്പെടും- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അവര്‍ പരസ്പരം മുന്നണിയുണ്ടാക്കി, തങ്ങള്‍ 125 കോടി ജനങ്ങളുമായി ചേര്‍ന്ന് സഖ്യത്തിന് രൂപം നല്‍കിയതായി മോദി പറഞ്ഞിരുന്നു. അഞ്ച് വ്യത്യസ്ത നഗരങ്ങളിലെ ബിജെപിയുടെ ബൂത്തുതല പ്രവര്‍ത്തകരുമായി വിഡിയോ കോണ്‍ഫറന്‍സിലുടെ സംവദിക്കുകയായിരുന്നു മോദി.

പ്രതിപക്ഷ ഐക്യസമ്മേളനം സമാനതകളില്ലാത്തതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. അഴിമതിക്കാരുടെയും സമ്പന്നരുടെയും മുന്നണിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടേത് എന്ന് ആരോപിച്ച മോദി 125 കോടി ജനങ്ങളുമായി ചേര്‍ന്ന് രൂപീകരിച്ച തങ്ങളുടെ മുന്നണിയാണോ അതോ അവരുടെതാണോ കൂടുതല്‍ ശക്തം എന്ന് ചോദിച്ചു. കൊല്‍ക്കത്തയില്‍ അണിനിരന്ന നേതാക്കന്മാര്‍ ഒന്നെങ്കില്‍ സമൂഹത്തില്‍ വലിയ സ്വാധീനശേഷിയുളള വ്യക്തികളുടെ മക്കളോ, അല്ലെങ്കില്‍ മക്കളെ രാഷ്ട്രീയരംഗത്ത് പ്രതിഷ്ഠിക്കാന്‍ ഒരുങ്ങുന്നവരോ ആണെന്ന് മോദി ആരോപിച്ചു. അവര്‍ ധനശക്തിയാണെങ്കില്‍ തങ്ങള്‍ ജനശക്തിയാണെന്ന് മോദി പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാണ് എല്ലാവരും സ്‌റ്റേജില്‍ ഉന്നയിച്ചത്. ആ സ്‌റ്റേജില്‍ നിന്നുകൊണ്ടുതന്നെ ഒരു നേതാവ് ബോഫോഴ്‌സ് അഴിമതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നാല്‍ സത്യം ഉടന്‍ പുറത്തുവരും. അതാണ് കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്നും മോദി ഓര്‍മ്മിപ്പിച്ചു.