പ്രിയങ്കഗാന്ധിയുടെ അറസ്റ്റ് നിയമവിരുദ്ധം: യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥയുടെ തെളിവ്: രാഹുല്‍ഗാന്ധി

Jaihind Webdesk
Friday, July 19, 2019

Rahul-Priyanka-Ameti

ന്യൂഡല്‍ഹി: നാല് സ്ത്രീകളെയടക്കം ഒമ്പതുപേരെ വെടിവെച്ചു കൊന്ന് സോന്‍ഭദ്ര സന്ദര്‍ശിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ നീക്കം തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത യു.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി. പ്രിയങ്കാഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘ഉത്തര്‍പ്രദേശിലെ സോന്‍ഭാദ്രയില്‍ പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു. സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വെടിവെച്ചു കൊന്ന ഒമ്പത് ദളിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ തടഞ്ഞത് ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണ്.’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വാരാണസിയില്‍ നിന്നും വെടിവെപ്പു നടന്ന സോന്‍ഭാദ്രയിലേക്ക് പോകവേ മുക്താര്‍പൂരില്‍വെച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.