രാജ്യത്തിന്‍റെ രാഹുല്‍ 51-ാം പിറന്നാള്‍ നിറവില്‍

Jaihind Webdesk
Saturday, June 19, 2021

രാഹുല്‍ ഗാന്ധിക്ക് ഇന്ന് 51ാം പിറന്നാള്‍. യുവത്വത്തിന്‍റെ പ്രസരിപ്പുമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാവിന് ആശംസകള്‍ അര്‍പ്പിക്കുകയാണ് പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും കൊവിഡ് ബാധിതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനുമാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

1970 ജൂണ്‍ 19ന് ഡല്‍ഹിയില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ ജനനം. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റായിരുന്ന രാജീവ് ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും ആദ്യത്തെ കണ്‍മണി. മുത്തശി ഇന്ദിരാ ഗാന്ധി അന്ന് ഇന്ത്യ ഭരിക്കുന്ന ഉരുക്കുവനിത. ഡല്‍ഹിയിലെ സെന്‍റ് കൊളംബസ് സ്‌കൂളിലും ഡെറാഡൂണിലെ വിഖ്യാതമായ ഡൂണ്‍ സ്‌കൂളിലും ആയി രാഹുല്‍ ഗാന്ധി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ രാഹുല്‍ ഗാന്ധിയും ഇളയ സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ബോര്‍ഡിംഗ് സ്‌കൂളിലെ പഠനം മതിയാക്കി. പിന്നീട് ഇരുവരുടെയും പഠനവും കളിയുമെല്ലാം വീട്ടിലേക്ക് മാറ്റി.

രാജീവ് ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറങ്ങുകയും പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും പഠനം വീട്ടില്‍ തന്നെ ആക്കേണ്ടി വന്നു. ഏഴ് വര്‍ഷങ്ങള്‍ക്കപ്പുറം ബോംബ് സ്‌ഫോടനത്തില്‍ രാഹുലിന് സ്വന്തം പിതാവിനെയും നഷ്‌പ്പെട്ടു. സുരക്ഷ മുന്‍നിര്‍ത്തി ദില്ലിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളേജിലും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും ഫ്ലോറിഡയിലുള്ള റോളിന്‍സ് കോളേജിലുമായി ആണ് രാഹുല്‍ ഗാന്ധി ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത്. റൗള്‍ വിന്‍സി എന്ന വ്യാജ പേരിലാണ് രാഹുലിനെ സഹപാഠികള്‍ അവിടെ അറിഞ്ഞിരുന്നത്. 1995 ല്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് രാഹുല്‍ ഗാന്ധി എംഫില്‍ സ്വന്തമാക്കി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ ഗാന്ധി ലണ്ടനിലെ ഒരു മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മോണിറ്റര്‍ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. പിന്നീട് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടറും ആയി.

2004ലാണ് അമേഠിയില്‍ നിന്ന് രാഹുല്‍ ആദ്യമായി ലോക് സഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. 2007 ല്‍ രാഹുല്‍ ഗാന്ധിയെ യൂത്ത് കോണ്‍ഗ്രസിന്‍റേയും എന്‍എസ്യുവിന്‍റേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. രാഹുലിന് അതുവരെ കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 2013ല്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2017 ഡിസംബര്‍ 16ന് രാഹുല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

വളരെ നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്താന്‍ സാധിക്കുമായിരുന്നെങ്കിലും രാഹുല്‍ അതിന് മുതിര്‍ന്നില്ല. യുപിഎ സര്‍ക്കാരില്‍ മന്ത്രിയാവാനുള്ള ക്ഷണം നിരസിക്കുമ്പോള്‍ പഠിക്കാനായി സമയം വേണമെന്നതായിരുന്നു രാഹുലിന്‍റെ ആവശ്യം. 2017 ഡിസംബര്‍ 16ന് രാഹുല്‍ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ദേശീയ രാഷ്ട്രീയത്തിന്‍റെ ചിത്രം തന്നെ മാറുകയായിരുന്നു.

നരേന്ദ്ര മോദി എന്ന ബി.ജെ.പിയുടെ ഏകാധിപതിയായ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍റെ വര്‍ഗീയ – കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍ക്കെതിരെയും ഒരു ഒറ്റയാള്‍ പോരാട്ടമാണ് പിന്നീട് ഇന്ത്യ കണ്ടത്. രാജ്യത്തിന്‍റെ മതേതരത്വത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഉറച്ച നിലപാടുകളുമായി ഇറങ്ങിത്തിരിച്ച രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥി പിന്നീട് ലോകം അറിയുന്ന നേതാവെന്ന തലത്തിലേക്കും ഇന്ത്യന്‍ യുവതയുടെ പ്രതീക്ഷയെന്ന നിലയിലേക്കും പരകായ പ്രവേശം നടത്തുകയായിരുന്നു. പ്രിയപ്പെട്ട രാഹുലിന് മലയാളിയുടെയും ജയ്ഹിന്ദ് ടി വിയുടെയും ജന്മദിനാശംസകള്‍.