വയനാട് : ഏപ്രില്‍ 11 ന് പ്രിയപ്പെട്ട വയനാട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധി വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മോദിയും അദാനിയും ചേര്‍ന്ന് അയോഗ്യത സൃഷ്ടിക്കുമ്പോള്‍ വയനാട് ഒറ്റക്കെട്ടായി രാഹുല്‍ ഗാന്ധിയെ നെഞ്ചോടു ചേര്‍ക്കുകയാണ്. ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കല്ല എന്നാണ് ഓരോ കാഴ്ചകളിലും ഈ രാജ്യത്തെ ജനത പറയുന്നത്. അതിന്റെ പരിച്ഛേദം വയനാട്ടില്‍ നേരില്‍ക്കണ്ടു. വയനാട്ടിലെ ഓരോ മുഖങ്ങളും സംസാരിക്കുന്നത് രാഷ്ട്രീയമാണ്. സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഭരണകൂടം വേട്ടയാടുന്ന തങ്ങളുടെ പ്രിയപ്പെട്ടവന് വേണ്ടി ഏറ്റവും ശക്തമായ പ്രതിഷേധത്തിലാണ് ആ നാടെന്നും കെസി വേണുഗോപാല്‍ തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലും ശേഷം നടന്ന യു.ഡി.എഫ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും കെ സി വേണു ഗോപാല്‍ എംപി പങ്കെടുത്തു.
ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം.
ഇന്ന് വയനാട്ടില്‍ക്കണ്ട ഓരോ മുഖങ്ങളും സംസാരിക്കുന്നത് രാഷ്ട്രീയമാണ്. സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഭരണകൂടം വേട്ടയാടുന്ന തങ്ങളുടെ പ്രിയപ്പെട്ടവന് വേണ്ടി ഏറ്റവും ശക്തമായ പ്രതിഷേധത്തിലാണ് ആ നാട്. തനിക്കും ഏറെ പ്രിയപ്പെട്ട വയനാട്ടുകാരെ കാണാന്‍ ഏപ്രില്‍ 11-ന് രാഹുല്‍ ഗാന്ധി ഇവിടെയെത്തുന്നു എന്ന ആവേശകരമായ വാര്‍ത്തയും അവരോടൊപ്പം ഈ നിമിഷം പങ്കുവെയ്ക്കുകയാണ്.
മോദിയും അദാനിയും ചേര്‍ന്ന് അയോഗ്യത സൃഷ്ടിക്കുമ്പോള്‍ വയനാട് ഒറ്റക്കെട്ടായി രാഹുല്‍ ഗാന്ധിയെ നെഞ്ചോടു ചേര്‍ക്കുകയാണ്.
രാജ്യത്തിന്റെ ഭരണാധികാരിയും ഒരു വ്യവസായിയും ചേര്‍ന്ന് ഇന്ത്യയെന്ന സമ്പത്തിനെ വിറ്റുതുലയ്ക്കുന്നുവെന്ന സത്യം ജനങ്ങളോട് വിളിച്ചുപറഞ്ഞതായിരുന്നു രാഹുല്‍ ഗാന്ധി ചെയ്ത ‘തെറ്റ്’. അതോടെ ഇനിമുതല്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ഉറച്ച ശബ്ദം മുഴങ്ങരുതെന്ന് അവര്‍ തീരുമാനിച്ചു. ആസൂത്രിതമായ ഗൂഢാലോചന. ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കല്ല എന്നാണ് ഓരോ കാഴ്ചകളിലും ഈ രാജ്യത്തെ ജനത പറയുന്നത്. അതിന്റെ പരിച്ഛേദം വയനാട്ടില്‍ നേരില്‍ക്കണ്ടു.
ഇതൊരു പോരാട്ടമാണ്. സംഘപരിവാര്‍ കാലത്ത് നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ഇന്ത്യയുടെ പോരാട്ടം. ആ പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ചും മോദി-അദാനി ബന്ധം തുറന്നുകാട്ടിയും ‘സത്യമേവ ജയതേ’ എന്ന സന്ദേശമുയര്‍ത്തി രാജ്യവ്യാപകമായി ‘ജയ് ഭാരത് സത്യാഗ്രഹം’ എന്ന പേരില്‍ പ്രക്ഷോഭ, കാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെ ബ്ലോക്ക് തലങ്ങളിലും, ഏപ്രില്‍ 10 മുതല്‍ 20 വരെ ജില്ലാ തലങ്ങളിലും, 20 മുതല്‍ 30 വരെയും സംസ്ഥാനതലത്തിലും എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും പരിപാടികള്‍. ഏപ്രില്‍ മൂന്നാംവാരം ഡല്‍ഹിയില്‍ ലക്ഷകണക്കിനാളുകള്‍ പങ്കെടുക്കുന്ന ജയ് ഭാരത് സത്യാഗ്രഹം നടത്തും.
ഇന്ന് രാവിലെ ചേര്‍ന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗവും ശേഷം നടന്ന യു.ഡി.എഫ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗവും ജനവികാരം പ്രതിഫലിക്കുന്നതായിരുന്നു.