ശ്രീനഗര്‍: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ (മെയ് 24, ശനിയാഴ്ച) ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ദുരിതത്തിലായ കുടുംബങ്ങളെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവും എംപിയുമായ ജയറാം രമേശ് എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ഏപ്രില്‍ 25 ന് അദ്ദേഹം ശ്രീനഗര്‍ സന്ദര്‍ശിക്കുകയും പഹല്‍ഗാമിലെ ക്രൂരമായ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെയും മറ്റ് ബന്ധപ്പെട്ടവരെയും കാണുകയും ചെയ്തിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ ബൈസരണില്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരര്‍ കടന്നു ചെന്ന് വിനോദസഞ്ചാരികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര താവളങ്ങള്‍ ആക്രമിച്ചു. ഇതിനു പകരമായി പാകിസ്ഥാന്‍ നടത്തിയ കനത്ത മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിലാണ് പൂഞ്ച്, രജൗരി, ബാരാമുള്ള, കുപ്വാര ജില്ലകളില്‍ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് കനത്ത മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തി. പാക് ഷെല്ലാക്രമണത്തില്‍ ഏകദേശം 200 വീടുകളും കടകളും നശിച്ചു. നൂറുകണക്കിന് അതിര്‍ത്തി നിവാസികള്‍ക്ക് ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വന്നു.
പൂഞ്ച്, രജൗരി, ബാരാമുള്ള, കുപ്വാര ജില്ലകളില്‍ പാകിസ്ഥാന്‍ ഷെല്ലുകള്‍ നിര്‍വീര്യമാക്കുന്ന പ്രവൃത്തികള്‍ ഇപ്പോഴും തുടരുന്നതിനാല്‍ അതിര്‍ത്തി നിവാസികള്‍ പൂര്‍ണ്ണമായും വീടുകളിലേക്ക് മടങ്ങിയിട്ടില്ല. ജൂണ്‍ 12 ന് ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാര്‍ സംസാരിച്ചതിനെ തുടര്‍ന്ന് വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയിരുന്നു. എന്നാല്‍, പാകിസ്ഥാന്‍ തങ്ങളുടെ മണ്ണില്‍ ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം അനുവദിക്കാത്തിടത്തോളം കാലം മാത്രമേ ഈ ധാരണ മാനിക്കപ്പെടുകയുള്ളൂ എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
ടിഎംസി നേതാക്കളും പൂഞ്ചില്‍
മെയ് 22 വ്യാഴാഴ്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) അഞ്ചംഗ പ്രതിനിധി സംഘം പൂഞ്ച് ജില്ല സന്ദര്‍ശിക്കുകയും പാക് സൈന്യത്തിന്റെ സമീപകാല ഷെല്ലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എംപിമാരായ ഡെറിക് ഒബ്രിയാന്‍, സാഗരിക ഘോഷ് എംഡി നദിമുള്‍ ഹഖ്; പശ്ചിമ ബംഗാള്‍ മന്ത്രി മാനസ് ഭൂനിയ, മുന്‍ എംപി മമത താക്കൂര്‍ എന്നിവരടങ്ങിയ സംഘം ബുധനാഴ്ച ശ്രീനഗറില്‍ നിന്ന് ആരംഭിച്ച ത്രിദിന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് പൂഞ്ചിലെത്തിയത്.
സന്ദര്‍ശന വേളയില്‍, സംഘം ഇരകളുടെ കുടുംബങ്ങളെ കാണുകയും അനുശോചനം അറിയിക്കുകയും ഈ ദുഷ്‌കരമായ സമയങ്ങളില്‍ പൂഞ്ചിലെ ജനങ്ങള്‍ക്ക് പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. ദുരിതബാധിതരായ ജനങ്ങള്‍ക്ക് ബംഗാളും ഇന്ത്യയും മുഴുവന്‍ ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കാനാണ് പൂഞ്ചിലെത്തിയതെന്ന് രാജ്യസഭാ എംപി സാഗരിക ഘോഷ് പറഞ്ഞു.