തൃശൂർ: അന്തരിച്ച മുന്‍ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് ആര്യാടൻ മുഹമ്മദിന് രാഹുൽ ഗാന്ധി എം.പി അന്തിമോപചാരം അർപ്പിച്ചു. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം സാങ്കേതിക തടസങ്ങൾ ഉള്ളതിനാൽ ഭാരത് ജോഡോ യാത്ര മാറ്റിവെക്കില്ല. പര്യടനത്തിന്‍റെ തൃശൂരിലെ മൂന്നാം ദിവസത്തിന്‍റെ ആദ്യ ഘട്ടം സമാപിച്ചു. യാത്ര വൈകിട്ട് പുനരാരംഭിക്കും.
രാവിലെ 6:30 ന് തൃശൂർ തിരൂരിൽ നിന്നുമാണ് ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ മൂന്നാം ദിനം ആരംഭിച്ചത്. അതിനിടെ അത്താണിയിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനായി നിർത്തിയ ശേഷമാണ് ആര്യാടൻ മുഹമ്മദിന്‍റെ മരണ വാർത്ത അറിയുന്നത്. ഇതോടെ 10 മണിക്ക് അവസാനിക്കേണ്ടിയിരുന്ന യാത്ര 9 മണിയോട് കൂടി നേരത്തെ നിശ്ചയിച്ച സ്ഥലത്തെത്തിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി ആര്യാടൻ മുഹമ്മദിന്‍റെ മരണത്തിൽ തനിക്ക് ഉണ്ടായ നഷ്ടം വ്യക്തമാക്കി. സാങ്കേതിക തടസങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് യാത്ര മാറ്റിവെക്കാൻ സാധിക്കാത്തതെന്നും , ഇതിൽ തനിക്ക് വലിയ വിഷമം ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആര്യാടൻ മുഹമ്മദിന്‍റെ കുടുംബം നേരിട്ട് വിളിച്ച് യാത്ര മാറ്റിവെ ക്കരുതെന്ന് അറിയിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആര്യാടൻ മുഹമ്മദിന്‍റെ നഷ്ടം കേരള രാഷ്ട്രീയത്തിൽ വലിയ വിടവ് സൃഷ്ടിക്കുമെന്നും സതീശൻ പറഞ്ഞു. ജില്ലയിൽ ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ പരിപാടികൾ പുനഃക്രമീകരിക്കും. വൈകിട്ട് നാല് മണിക്ക് വടക്കാഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന യാത്രയ്ക്ക് ചെറുതുരുത്തിയിൽ സമാപനമാകും. ഭാരത് ജോഡോ യാത്ര നാളെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും.