‘ഇത് ഭരണഘടനയും സംവരണവും സംരക്ഷിക്കുന്നതിനുള്ള നിർണായക തിരഞ്ഞെടുപ്പ്’; മോദി സർക്കാരിനെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, May 6, 2024

 

ആദിലാബാദ്/തെലങ്കാന: ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. അതിസമ്പന്നരായ കോർപറേറ്റുകള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന, ഭരണഘടനയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മോദി സർക്കാരിനെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രാധാന്യമേറിയതാണെന്നും രാഹുല്‍ പറഞ്ഞു. തെലങ്കാനയിലെ ആദിലാബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരവമായി പരിഗണിക്കുന്നുവെങ്കില്‍ സംവരണത്തിന്മേലുള്ള 50% പരിധി എടുത്തുകളയാനുള്ള സന്നദ്ധത അദ്ദേഹം ജനങ്ങളോട് പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 50 ശതമാനത്തിലധികം ക്വാട്ട വർധിപ്പിക്കുന്നതാണ് രാജ്യത്തിന് മുന്നിലുള്ള വലിയ പ്രശ്‌നമെന്ന് ആവർത്തിച്ച രാഹുൽ, പ്രധാനമന്ത്രിയും ബിജെപിയും ഇത് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

“സാമൂഹിക-സാമ്പത്തിക ജാതി സെൻസസിന് ശേഷം 50% പരിധിക്കപ്പുറത്തേക്ക് പോകുമെന്നും ക്വാട്ട വർധിപ്പിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ബിജെപി 50% കടക്കുമെന്ന് പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ പറഞ്ഞിട്ടില്ല. മറിച്ച് ബി.ആർ. അംബേദ്കറും മഹാത്മാഗാന്ധിയും നൽകിയ സംവരണം നീക്കാന്‍ മോദിയും ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നു. ഇത് ഭരണഘടനയും സംവരണവും സംരക്ഷിക്കുന്നതിനുള്ള നിർണായക ലോക്സഭാ തിരഞ്ഞെടുപ്പാണ്” – രാഹുൽ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം ദരിദ്ര പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണങ്ങളും വിവിധ അവകാശങ്ങളും ഭരണഘടന ഉറപ്പ് നൽകിയിട്ടുണ്ട്. മോദിയും ബിജെപിയും ഈ ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നു. അതേസമയം കോൺഗ്രസ് ഇത് സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു. ഭരണഘടന സംരക്ഷിക്കാനും സംവരണം വർധിപ്പിക്കാനും ഏതാനും അതിസമ്പന്നരായ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ഒരു പുതിയ സർക്കാരിനായി നമുക്കെല്ലാവർക്കും ഒരുമിക്കാമെന്നും ഭരണഘടനയുടെ ഒരു പകർപ്പ് ഉയർത്തിക്കാട്ടിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരുടെ വിള കടങ്ങൾ എഴുതിത്തള്ളുമെന്നും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ പദവി നൽകുമെന്നും ദരിദ്ര കുടുംബത്തിലെ ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി രാജ്യത്തെ യുവാക്കളെ തൊഴിലില്ലായ്മയുടെ കെണിയിലേക്ക് തള്ളിവിട്ടപ്പോൾ കോൺഗ്രസ് ബിരുദധാരികൾക്കും ഡിപ്ലോമയുള്ളവർക്കും ഒരു വർഷത്തെ അപ്രന്‍റീസ്ഷിപ്പ് (ജോലി) ഉറപ്പുനൽകുകയായിരുന്നു. മോദി സർക്കാർ പാവപ്പെട്ട കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് പകരം കോർപ്പറേറ്റ് സുഹൃത്തുക്കളുടെ വായ്പകള്‍ എഴുതിത്തള്ളുകയാണ് ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാല്‍ കോടിക്കണക്കിന് സ്ത്രീകളെ ലക്ഷപതികളാക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംഎൻആർഇജിഎ) പ്രതിദിന വേതനം 250 രൂപയിൽ നിന്ന് 400 രൂപയായി ഉയർത്തുമെന്നും ആശാ, അങ്കണവാടി ജീവനക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പദ്ധതികൾ വിപുലീകരിക്കാൻ ദരിദ്ര കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. കോൺഗ്രസ് കരാർ തൊഴിൽ സമ്പ്രദായം ഒഴിവാക്കി സർക്കാർ മേഖലയിൽ സ്ഥിരമായ ജോലി നൽകും. ജാതി സെൻസസ് സാമൂഹിക-സാമ്പത്തിക അവസ്ഥയും സർക്കാർ പദ്ധതികളിലെ വിവിധ ജാതികളുടെയും സമുദായങ്ങളുടെയും വിഹിതവും വെളിപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.