കെ റെയില്‍, വിഴിഞ്ഞം സമരക്കാരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, September 11, 2022

 

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ വിഴിഞ്ഞം സമരക്കാരെയും കെ റെയില്‍ സമരസമിതിയെയും കാണാന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ രണ്ട് വിഷയങ്ങളിലും രാഹുല്‍ ഗാന്ധി ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഉള്‍പ്പെടെ ശ്രമങ്ങള്‍ നടത്തിയ സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയാകുന്നതാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.

പ്രശ്നങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണാനുമുള്ള ഇടപെടലുകള്‍ പദയാത്രയിലുടനീളം രാഹുല്‍ ഗാന്ധി നടത്തുന്നുണ്ട്. ഐക്യഭാരതം എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന യാത്ര കേരള അതിർത്തിയിലെത്തിയപ്പോള്‍ തന്നെ ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളുമായി സിപിഎം രംഗത്തെത്തിയിരുന്നു. സിപിഎം രാഹുല്‍ ഗാന്ധിയെ ഇത്ര ഭയക്കുന്നത് എന്തിനെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അതേസമയം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് അത്യഭൂതപൂര്‍വമായ സ്വീകരണവും ജനപിന്തുണയുമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. കെ റെയില്‍ പദ്ധതിയും വിഴിഞ്ഞം തുറമുഖ സമരവും സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളാണ്. ഇതില്‍ ഇടപെടാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കം സർക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കും.