നയിക്കാന്‍ രാഹുല്‍; ഇനി ഭാരത് ജോഡോ ന്യായ് യാത്രയുടെ ആവേശം: 15 സംസ്ഥാനങ്ങള്‍, 110 ജില്ലകള്‍, 66 ദിവസം കൊണ്ട് 6,700 കിലോമീറ്റർ

Jaihind Webdesk
Thursday, January 4, 2024

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ പേര് ഭാരത് ജോഡോ ന്യായ് യാത്ര എന്നു മാറ്റി. ജനുവരി 14 ന് മണിപ്പുർ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നു പോകും. 66 ദിവസം നിൽക്കുന്ന യാത്ര 6,713 കിലോമീറ്റർ ദൂരം പിന്നിട്ട് മുംബൈയില്‍ സമാപിക്കും. ഇന്നു ചേർന്ന എഐസിസി ഭാരവാഹി യോഗത്തിനു ശേഷമാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ അന്തിമ റൂട്ട് മാപ്പ് സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം അവശേഷിക്കുന്ന 15 സംസ്ഥാനങ്ങളിലൂടെയുള്ള രണ്ടാം ഘട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വരുന്ന പതിനാലാം തീയതി മണിപ്പൂരിൽ നിന്ന് തുടക്കമാകും. അരുണാചൽ പ്രദേശിലൂടെയും യാത്ര കടന്നുപോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നേരത്തെ അരുണാചൽ പ്രദേശ് ഉണ്ടായിരുന്നില്ല. മണിപ്പൂരിൽ നാല് ജില്ലകളിലൂടെ ഒരു ദിവസം സമയം എടുത്ത് 107 കിലോമീറ്റർ ആണ് യാത്ര. പിന്നീട് നാഗാലാൻഡിലേക്ക് കടക്കുന്ന യാത്ര രണ്ടുദിവസം സമയമെടുത്ത് 5 ജില്ലകളിലൂടെ 257 കിലോമീറ്റർ സഞ്ചരിക്കും. അസമിൽ എട്ടു ദിവസമാണ് യാത്രയ്ക്കുള്ള സമയം. 17 ജില്ലകളിലായി 833 കിലോമീറ്റർഇവിടെ യാത്ര പിന്നിടും.

അരുണാചലിലും, മേഘാലയിലും ഓരോ ദിവസം വെച്ചാണ് യാത്ര. രണ്ടിടങ്ങളിലുമായി 60 കിലോമീറ്റർ പിന്നിട്ട് യാത്ര വെസ്റ്റ് ബംഗാളിലേക്ക് കടക്കും. ഇവിടെ അഞ്ചുദിവസങ്ങൾ കൊണ്ട് 7 ജില്ലകൾ പിന്നിട്ട് 523 കിലോമീറ്റർ യാത്ര നടക്കും. ബിഹാറിൽ 425 കിലോമീറ്ററും, ചാർഖണ്ഡിൽ 804, ഒറീസയിൽ 341, ഛത്തീസ്ഗഡിൽ 536 ഉം കിലോമീറ്റർ ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കും. ഉത്തർപ്രദേശിൽ 11 ദിവസമാണ് സമയം. 20 ജില്ലകളിലൂടെ 1074 കിലോമീറ്ററാണ് ഉത്തർപ്രദേശിലൂടെ യാത്ര പിന്നിടുക. മധ്യപ്രദേശിൽ 9 ജില്ലകളിലൂടെ ഏഴു ദിവസം സമയമെടുത്ത് 698 കിലോമീറ്ററും രാജസ്ഥാനിലൂടെ 128 ഉം ഗുജറാത്തിൽ 445 ഉം , മഹാരാഷ്ട്രയിൽ 479 ഉം കിലോമീറ്റർ പിന്നിടുന്ന ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയില്‍ സമാപിക്കും.