
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പതിനായിരക്കണക്കിന് ജനപ്രതിനിധികളെ അണിനിരത്തി കെ.പി.സി.സി സംഘടിപ്പിക്കുന്ന ‘മഹാപഞ്ചായത്തിന്’ കൊച്ചി ഒരുങ്ങി. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന വന്‍ സംഗമം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ചു കയറിയ 15,000-ത്തിലധികം കോണ്‍ഗ്രസ് ജനപ്രതിനിധികളാണ് മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ മറൈന്‍ ഡ്രൈവിലെത്തി. രാവിലെ 11 മണിയോടെ തന്നെ വിവിധ ജില്ലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി, ആദ്യം പ്രശസ്ത സാഹിത്യകാരി പ്രൊഫ. എം. ലീലാവതി ടീച്ചറുടെ വസതി സന്ദര്‍ശിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിയോടെ മഹാപഞ്ചായത്ത് നടക്കുന്ന സമ്മേളന നഗരിയിലെത്തും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സച്ചിന് പൈലറ്റ്, രമേശ് ചെന്നിത്തല, കനയ്യ കുമാര്‍, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് തുടങ്ങിയ ദേശീയ-സംസ്ഥാന നേതാക്കളുടെ വലിയ നിര തന്നെ വേദിയിലുണ്ടാകും.
ഗതാഗത ക്രമീകരണത്തിനായി വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ബോള്‍ഗാട്ടി, വല്ലാര്‍പാടം ഭാഗങ്ങളിലും, തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവ വില്ലിംഗ്ടണ്‍ ഐലന്‍ഡ്, ബി.ഒ.ടി പാലം പരിസരത്തും പാര്‍ക്ക് ചെയ്യണം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കലൂര്‍ സ്റ്റേഡിയം പരിസരത്താണ് പാര്‍ക്ക് ചെയ്യേണ്ടത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിലുള്ള പാര്‍ട്ടി സംവിധാനങ്ങളെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹാസംഗമം. പതിനായിരങ്ങള്‍ അണിനിരക്കുന്ന ഈ മഹാപഞ്ചായത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു കരുത്തുവിളംബരമായി മാറും.