എടവണ്ണ/മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി എംപി വയനാട് മണ്ഡലത്തിലെത്തി. വോട്ടർമാരോട് നന്ദി അറിയിക്കാനായാണ് അദ്ദേഹം മണ്ഡലത്തിലെത്തിയത്. അധികാരത്തിന്‍റെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ച മോദിക്ക് ജനങ്ങള്‍ ഭരണഘടനയുടെ ശക്തി കാണിച്ചുകൊടുത്തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ പരമാത്മാവാണെന്ന് സ്വയം പറയുന്ന മോദി അദാനിയും അംബാനിയും പറയുന്നത് മാത്രമാണ് കേള്‍ക്കുന്നത്. ഒരു സാധാരണ മനുഷ്യനാണ് താനെന്നും തന്‍റെ ദെെവം വിജയിപ്പിച്ച ജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് ഒരുക്കിയത്.
വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ഭാഗമായ മലപ്പുറം ജില്ലയിലെ എടവണ്ണയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി. മുസ്‌ലിം ലീഗ്, കെഎസ്‌യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവർത്തർ രാഹുലിനെ വേദിയിലേക്ക് സ്വീകരിച്ചത്. ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. രാജ്യത്തെ ഭരണഘടന നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഭരണഘടന ഇല്ലാതായാൽ രാജ്യം തകരും. കേരളത്തിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾ മോദിക്കും ബിജെപിക്കും ഭരണഘടനയുടെ ശക്തി കാണിച്ച് കൊടുത്തു. അധികാരത്തിന്‍റെ ധാർഷ്ട്യത്തിലായിരുന്നു മോദിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭരണഘടനയിൽ തൊട്ടു വണങ്ങാൻ മോദി തയാറായി. മോദി വാരണാസിയില്‍ കഷ്ടിച്ചാണ് വിജയിച്ചത്. മോദിയും അമിത് ഷായും പറയുന്നത് അവർ പറയുന്ന ഭാഷ സംസാരിക്കണമെന്നായിരുന്നു. ഇഡി സിബിഐ എന്നിവ കൈയിൽ ഉണ്ടായിരുന്നതിനാൽ എന്തും ചെയ്യാം എന്നാണ് അവർ വിചാരിച്ചിരുന്നത്. ജനം ഇതിനെല്ലാം വോട്ടിലൂടെ മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഭരണഘടന നിലനിൽക്കണം എന്നാണ് തിരഞ്ഞെടുപ്പിലൂടെ ജനം നല്‍കിയ സന്ദേശം. മോദിയുടെ സമീപനം മാറണം എന്ന സന്ദേശവും നൽകി. അതേസമയം ഇന്ത്യ മുന്നണി പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിച്ചുവെന്നും മികച്ച പ്രതിപക്ഷമായി തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപി അയോധ്യയിൽ തോറ്റെന്നും അത് ജനങ്ങൾ അക്രമത്തെ ഇഷ്ടപ്പെടുന്നില്ല എന്ന സന്ദേശം നൽകിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോള്‍ മോദി പറഞ്ഞത് 400 സീറ്റ് ലഭിക്കുമെന്നായിരുന്നു. എന്നാല്‍ പിന്നീട് അത് 300 എന്നാക്കി. ദൈവിക പുരുഷനാണെന്ന് സ്വയം അവകാശപ്പെടുന്ന മോദി അദാനിയും അംബാനിയും പറയുന്നത് മാത്രമാണ് കേൾക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും തന്‍റെ ദെെവം ജയിപ്പിച്ച ജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏതു മണ്ഡലം നിലനിർത്തിയാലും വയനാട്ടിലെയും റായ്ബറേലിയിലേയും ജനങ്ങൾക്ക് ഒപ്പം ഉണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. വീണ്ടും കാണാമെന്ന് പറഞ്ഞാണ് രാഹുല്‍ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.