വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സഹായം; ഓണ്‍ലൈന്‍ പഠനത്തിന് വേണ്ട ഡിജിറ്റല്‍ സാമഗ്രികള്‍ കൈമാറും

Jaihind News Bureau
Tuesday, June 2, 2020

വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് പഠന സഹായവുമായി രാഹുൽ ഗാന്ധി. ഓൺലൈൻ പഠനത്തിനാവശ്യമായ സാമഗ്രികൾ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കളക്ടർ അദീല അബ്ദുള്ളയ്ക്കും രാഹുൽ ഗാന്ധി കത്തയച്ചു. കൊവിഡ് പശ്ചാതലത്തിൽ സംസ്ഥാനത്ത് ഓൺലൈൻ പഠനം ഏർപ്പെടുത്തിയത് സ്വാഗതാർഹമാണെന്നും എന്നാൽ തീരുമാനം പൂർണ തോതിൽ നടപ്പാക്കുവാൻ സർക്കാറിന് കഴിഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. ഓണ്‍ലൈന്‍ പഠനം മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഒരുപോലെ എത്തിക്കാനായി തന്‍റെ ഭാഗത്തുനിന്നുള്ള പൂര്‍ണ സഹായം ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

ഓണ്‍ലൈന്‍ പഠനത്തിനുള്ള ഭൗതിക സാഹചര്യം ഒരുക്കാന്‍ വേണ്ട സാമഗ്രികളുടെ വിവരങ്ങൾ അറിയിക്കാന്‍ മുഖ്യമന്ത്രിക്കും കളക്ടർക്കും രാഹുല്‍ ഗാന്ധി കത്തയച്ചു. വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ പരിമിതി രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ ഇവരില്‍ ഭൂരിഭാഗത്തിനും നിലവില്‍ അപ്രാപ്യമാണ്. സ്മാര്‍ട്ട്ഫോണുകളോ ഇന്‍റര്‍നെറ്റോ ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ സാധ്യമാകൂ. ഇതിനുള്ള തയാറെടുപ്പുകള്‍ പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ആദിവാസി വിദ്യാർത്ഥികള്‍ക്ക് ക്ലാസ് നഷ്ടമാകുന്ന അവസ്ഥയുണ്ടാകും.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്രയും വേഗം ഇവര്‍ക്ക് എത്തിക്കേണ്ടതുണ്ട്. ഇത് പരിഹരിക്കുന്നതിനായി തന്‍റെ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണം രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. ഇതിനാവശ്യമായ സാമഗ്രികളുടെ വിവരം തന്നെ അറിയിക്കാനും മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പഠനം മുടങ്ങിയ മനോവിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ക്കൂടിയാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ.