സർക്കാരിന്‍റെ പ്രവർത്തന പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, July 6, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. സർക്കാരിന്‍റെ പ്രവർത്തന പരാജയങ്ങളിൽ കൊവിഡും നോട്ട് അസാധുവാക്കലും ജി എസ് ടി നടപ്പാക്കലുമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വീഡിയോ സഹിതമാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ഭാവിയില്‍ വന്‍പരാജയങ്ങളെക്കുറിച്ചുള്ള  ഹാർവാഡ് ബിസിനസ് സ്കൂളിന്‍റെ  കേസ് സ്റ്റഡികളില്‍ ഉള്‍പ്പെടുന്ന മൂന്ന് വിഷയങ്ങളായാണ് കൊവിഡ്-19, നോട്ട് അസാധുവാക്കല്‍,  ജി എസ് ടി നടപ്പാക്കല്‍ എന്നിവയെ അദ്ദേഹം കാണിച്ചിരിക്കുന്നത്.

കൊറോണയുടെ ഒന്നാം ദിനം തുടങ്ങി 103ആം ദിനം വരെ നീളുന്ന കാലയളവും ലോക കൊവിഡ് ഭൂപടത്തില്‍ ഇന്ത്യയുടെ റാങ്കും രേഖപ്പെടുത്തുന്ന ഡാറ്റാ ഗ്രാഫും വീഡിയോയില്‍ കാണാം. 48ആം റാങ്കില്‍ നിന്നും 3ലേയ്ക്ക് റാങ്ക് ഉയരുമ്പോള്‍ കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യന്‍ പാളിച്ചയുടെ നേർക്കാഴ്ച ആ ഗ്രാഫിലൂടെ വ്യക്തമാകുന്നു. ഇതോടൊപ്പം പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്യുന്നതും പാത്രം തട്ടിയും കയ്യടിച്ചും കൊറോണ മുന്‍നിര പോരാളികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നതും, പിന്നീട് ദീപം തെളിക്കാന്‍ ആഹ്വാനം ചെയ്തതുമെല്ലാം ഉള്‍പ്പെട്ട വീഡിയോയും ചേർത്തിരിക്കുന്നു. 18 ദിവസം കൊണ്ടാണ് മഹാഭാരത യുദ്ധം ജയിച്ചതെന്നും കൊറോണയ്ക്കെതിരെ വിജയം നേടാന്‍ 21 ദിവസം മാത്രമാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറയുന്നതും വീഡിയോയില്‍ കാണാം.

ഞായറാഴ്ച വൈകിട്ടോടെ, കൊറോണ ഏറ്റവും അധികം ബാധിച്ച ലോക രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 6.9 ലക്ഷത്തിലധികം കേസുകളോടെ, 6.8 ലക്ഷം കേസുകള്‍ ഉള്ള റഷ്യയെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാമതെത്തിയത്. 28 ലക്ഷം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട യു.എസും 15 ലക്ഷത്തിലധികം കേസുകളുള്ള ബ്രസീലും മാത്രമാണ് പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്.

ഞായറാഴ്ച മാത്രം, 25000 പുതിയ കേസുകളും 613 മരണവുമാണ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.