ഉപഗ്രഹ ചിത്രങ്ങൾ പ്രധാനമന്ത്രി പറഞ്ഞതിനു വിപരീതം: വിമർശനം കടുപ്പിച്ച് രാഹുൽ‌ ഗാന്ധി

Jaihind News Bureau
Sunday, June 21, 2020

കിഴക്കൻ ലഡാക്കില്‍ ഇന്ത്യ– ചൈന സൈനികർ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം കടുപ്പിച്ച് രാഹുൽ‌ ഗാന്ധി. പാംഗോങ് തടാകത്തിന് സമീപത്തെ ഇന്ത്യൻ പ്രദേശങ്ങൾ ചൈന പിടിച്ചടക്കിയതായാണ് ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യൻ പ്രദേശങ്ങൾ പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവുവച്ചതായി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകൾക്കു തെറ്റായ വ്യാഖ്യാനങ്ങൾ നൽകുകയാണു ചെയ്യുന്നതെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ വാദം. പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം ചൈനീസ് സേന കടന്നു കയറിയതായി കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

‘പ്രധാനമന്ത്രി പറഞ്ഞത് ആരും രാജ്യത്ത് അതിക്രമിച്ചു കടന്നിട്ടില്ലെന്നും ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തിട്ടില്ലെന്നുമാണ്. എന്നാല്‍ ഏറ്റെടുത്തില്ല. എന്നാല്‍, പാംഗോംഗ് തടാകത്തിനടുത്തുള്ള, ഇന്ത്യയുടെ പവിത്രമായ പ്രദേശം ചൈന പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ഉപഗ്രഹ ഫോട്ടോകൾ വ്യക്തമാക്കുന്നത്.’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിനു വിപരീതമായ കാര്യങ്ങളാണ് ചിത്രങ്ങളിൽ കാണുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആരും രാജ്യത്തേക്കു കയറിയിട്ടില്ലെന്നും ഭൂപ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നുമാണു പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത് പാംഗോങ് തടാകത്തിനു സമീപത്തെ ഇന്ത്യൻ പ്രദേശങ്ങൾ ചൈന പിടിച്ചെടുത്തെന്നാണ്. സർവകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിന് വിപരീതമാണ് ഇതെന്നു വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.