യുപിയിലെ ഹാത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് സാരഥിയായി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ ഒപ്പമിരുത്തി പ്രിയങ്ക ഗാന്ധി വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സന്ദർശനം തടയാൻ ഡൽഹി-യു. പി അതിർത്തി പൊലീസ് അടച്ചു. 500 ൽ അധികം പൊലീസുകാരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ഹാത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി–നോയിഡ പാത അടച്ചു. ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. അതിനിടെ വാരണാസിയിൽ കോണ്‍ഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെ തടഞ്ഞ് കരിങ്കൊടി കാണിച്ചു.
നേരത്തെ ഹാത്രസ് സന്ദർശനത്തിനെത്തിയ രാഹുല്‍ ഹാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. യു.പി സർക്കാർ പെണ്‍കുട്ടിയോടും കുടുംബത്തോടും ചെയ്തത് വലിയ തെറ്റാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചിരുന്നു. അവളുടെ ശരീരം കുടുംബത്തിന്‍റെ അനുമതി പോലുമില്ലാതെ കത്തിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ആ കുടുംബം കടന്നുപോന്നത്. രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ല ഇതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.