ഒരു കോടി കടന്ന് കൊവിഡ് രോഗികള്‍, ജനജീവിതം തകർത്ത ലോക്ഡൗൺ ; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നതിനു  പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ  രാഹുൽ ഗാന്ധി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടിരിക്കുകയാണ്. മരണം 1.5 ലക്ഷവും. 21 ദിവസത്തെ യുദ്ധം കൊണ്ട് കൊവിഡിനെ പിടിച്ചുകെട്ടാനാകുമെന്നാണ് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തി കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായ ലോക്ക്ഡൗൺ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാനായില്ലെന്നും രാജ്യത്ത് ഇതു കാരണം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം താറുമാറാകുക മാത്രമാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ ഒരു കോടി കടന്നു. ഒന്നേമുക്കാല്‍ കോടി രോഗബാധിതരുള്ള അമേരിക്കയാണ് ഇന്ത്യയ്‍ക്ക് മുന്‍പില്‍. അതേസമയം, രോഗമുക്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 25,152 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 29,885 പേര്‍ക്ക് രോഗമുക്തി നേടി. ഇന്നലെ 347 പേര്‍ മരിച്ചു. ആകെ മരണം 1,45,136 ആയി ഉയര്‍ന്നു.

 

Comments (0)
Add Comment