വാക്സിന്‍ ക്ഷാമം ഗുരുതര പ്രശ്നം, ഉത്സവമല്ല ; മരുന്ന് കയറ്റുമതി ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തുന്ന നടപടി : രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Friday, April 9, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്‌സിന്‍റെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും കയറ്റുമതി തുടരുന്നതില്‍ കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി. വാക്സിന്‍ ദൌർലഭ്യം ഗുരുതരമായ വിഷയമാണെന്നും മറിച്ച് ഒരു ഉത്സവമല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ ‘ടീകാ ഉത്സവ്’അഥവാ ‘വാക്‌സിന്‍ ഉത്സവ’മായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമർശിച്ചാണ് രാഹുലിന്‍റെ പ്രതികരണം.

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ന്യായീകരിക്കാവുന്നതല്ല. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം ഒരു ഉത്സവമല്ല, വാക്‌സിന്‍റെ ലഭ്യതക്കുറവ് ഗുരുതരമായ കാര്യമാണ്. പക്ഷഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. മഹാമാരിയെ ഒറ്റക്കെട്ടായി പൊരുതി തോല്‍പിക്കുകയാണ് നാം ചെയ്യേണ്ടത് – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുമ്പോള്‍ നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി തുടരുന്നതിനെ രാഹുല്‍ നിശിതമായി കുറ്റപ്പെടുത്തി. വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. മിക്ക വിതരണകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ എത്തിച്ചേരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി