‘പിണറായിയെ നിയന്ത്രിക്കുന്നത് മോദി; മുഖ്യമന്ത്രിയുടെ ജയിൽ താക്കോൽ പ്രധാനമന്ത്രിയുടെ കയ്യിൽ’- രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, March 31, 2026

കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ എപ്രകാരമാണോ നിയന്ത്രിക്കുന്നത്, അതേപോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും അഴിമതിക്കേസുകളിൽ നിന്ന് സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും, മുഖ്യമന്ത്രിയെ ജയിലിലടയ്ക്കാനുള്ള താക്കോൽ മോദിയുടെ കൈവശമാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് മോദിക്കറിയാം, അതുകൊണ്ടാണ് കേരളത്തിൽ സി.പി.എം ഭരണം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദാനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ബിജെപി സർക്കാർ നിലകൊള്ളുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് അദാനിയാണ്. അതുകൊണ്ടാണ് അദാനിക്കെതിരെയുള്ള അമേരിക്കയിലെ കേസുകൾ ഇല്ലാതാക്കാൻ ട്രംപ് സഹായിക്കുന്നത്. ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ തനിക്ക് അനുമതി നൽകുന്നില്ലെന്നും, താൻ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള പല കരാറുകളും ഇന്ത്യൻ കർഷകരെയും ജനങ്ങളെയും ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും കേരളത്തിൽ അക്രമത്തെയും വിഭാഗീയതയെയും പ്രോത്സാഹിപ്പിക്കുമ്പോൾ സമാധാനവും വികസനവുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി, യുഡിഎഫ് അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എം നേതാക്കൾക്കെതിരെ മിണ്ടാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.