‘സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വർണ്ണക്കടത്ത് നടത്താം’ : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, February 23, 2021

 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സി.പി.എം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണ്ണക്കടത്ത് നടത്താം. എൽ.ഡി.എഫിനൊപ്പമെങ്കിൽ എല്ലാ ജോലിയും ഉറപ്പാണെന്നും അല്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്തുകേസിൽ ബി.ജെ.പി-സി.പി.എം ഒത്തുകളി സൂചിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇഡി, കസ്റ്റംസ്, സി.ബി.ഐ അന്വേഷണങ്ങൾ എന്തുകൊണ്ട് ഇഴയുന്നു? ‘സിപിഎം കൊടിപിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്നും സ്വർണക്കടത്ത് നടത്താമെന്ന് രാഹുൽ തുറന്നടിച്ചു. എൽഡിഎഫിനൊപ്പമാണെങ്കിൽ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കിൽ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ല അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ  രൂക്ഷമായ വിമർശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. കേരളത്തിന്‍റെ മത്സ്യസമ്പത്ത് വിദേശകുത്തകകള്‍ക്ക് തീറെഴുതാനുള്ള ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെയും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തട്ടിയെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോൺഗ്രസിന്‍റെ കൂറ്റൻ സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ രാഷ്ട്രീയ ആരോപണം. ഘടക കക്ഷികനേതാക്കൾ ഉൾപ്പെടെ അണി നിരന്ന പൊതുസമ്മേളനത്തോടെ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി.