‘ലോക്ക്ഡൗണ്‍ പരാജയം; കേന്ദ്ര സർക്കാരിന്‍റെ പ്രവര്‍ത്തനം നിരാശാജനകം, കൊവിഡ് നിയന്ത്രണത്തിന് ഇനി എന്ത് പദ്ധതിയാണ് കേന്ദ്രത്തിനുള്ളത്?’ : വിമർശനവുമായി രാഹുല്‍ ഗാന്ധി | Video

Jaihind News Bureau
Tuesday, May 26, 2020

Rahul-Gandhi

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് രാഹുല്‍ ഗാന്ധി.  കൊവിഡിനെതിരെ 21 ദിവസത്തെ പോരാട്ടം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നിലിപ്പോള്‍ ലോകത്ത് ഏറ്റവും വേഗം രോഗം പകരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എത്തി. എന്തുകൊണ്ട് സർക്കാര്‍ പരാജയപ്പെട്ടു എന്ന് വിശകലനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്നോട്ട് എന്ത് പദ്ധതിയാണ് സർക്കാരിന്‍റെ കൈവശമുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തീർത്തും നിരാശാജനകമാണ്. ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടവും കഴിയാറാകുമ്പോഴും പല സംസ്ഥാനങ്ങളിലും രോഗം അതിവേഗം പടരുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള നടപടികൾ കോണ്‍ഗ്രസ് സർക്കാർ സ്വീകരിക്കുന്നു. കേന്ദ്രത്തിന് എന്ത് പദ്ധതിയാണ് ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യമായ ഘട്ടമാണിത്. എന്നാല്‍ ഇതിനാവശ്യമായ നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് വലിയ തകർച്ച ഉണ്ടായി. ചെറുകിട സംരംഭങ്ങൾക്ക് സഹായം അത്യാവശ്യമാണ്. നിലവിലെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് നേരിട്ട് പണം എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ കഴിയുകയുള്ളൂ. കുടിയേറ്റ തൊഴിലാളികൾക്ക് അന്യസംസ്ഥാനങ്ങളിൽ തൊഴിൽ തേടി പോകാൻ സർക്കാരിന്‍റെ അനുവാദം ആവശ്യമില്ല. അതിർത്തിയിൽ നടക്കുന്ന കാര്യങ്ങൾ സർക്കാർ വ്യക്തമാക്കിയതിന് ശേഷം പ്രതികരിക്കും. കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്‍റെ ശക്തിയാണെന്നും ഇവരെ സഹായിച്ചില്ലെങ്കില്‍ മറ്റാരെയാണ് സഹായിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി.