‘മഹാമാരിയില്‍ വലയുന്ന ജനങ്ങള്‍ക്ക് സഹായമാകണം’ ; ജന്മദിനാഘോഷങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, June 15, 2021

 

ന്യൂഡല്‍ഹി : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണയും തന്‍റെ ജന്മദിനത്തിന് ആഘോഷങ്ങൾ പാടില്ലെന്ന് പ്രവർത്തകർക്ക് നിർദേശം നൽകി രാഹുൽ ഗാന്ധി. കൊവിഡ് മഹാമാരിയിൽ വലയുന്ന ജനങ്ങൾക്ക് സഹായം എത്തിക്കണമെന്നും രാഹുൽ ഗാന്ധി നിർദേശിച്ചു. നവംബർ 19 ആണ് രാഹുൽ ഗാന്ധിയുടെ ജന്മദിനം.

ജനം ദുരിതം അനുഭവിക്കുന്ന കാലഘട്ടത്തിൽ ജന്മദിനത്തിന്‍റെ ഭാഗമായി ഒരുവിധത്തിലുള്ള ആഘോഷങ്ങളും പാടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിര്‍ദേശം. പകരം ദുരിതത്തിലായ ജനങ്ങൾക്ക് ആവശ്യമായ സഹായം എത്തിക്കാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ആഘോഷങ്ങള്‍ ഒഴിവാക്കി ജനങ്ങള്‍ക്ക് സഹായം എത്തിച്ചിരുന്നു.

കൊവിഡില്‍ വലയുന്ന ജനങ്ങൾക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകൾ, ഭക്ഷ്യവസ്തുക്കൾ, സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ വിതരണം ചെയ്യും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാന്ത്വനമേകും. എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാന്‍ അതത് പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്ക് നിർദേശം നൽകിയതായി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു.