പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി കാണിച്ചുതന്നു; പ്രശംസിച്ച് ശിവസേന

Jaihind News Bureau
Saturday, April 18, 2020

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന. കൊവിഡില്‍ രാഹുല്‍ ഗാന്ധി കൈക്കൊണ്ടത് നല്ല നിലപാടാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം എങ്ങനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി കാണിച്ചുതന്നുവെന്നും സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തില്‍ ശിവസേന കുറിച്ചു.

മോദിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വഴക്കടിക്കാനുള്ള സമയമല്ല ഇതെന്നും രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെ നേരിടുകയാണ് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളേയും ലേഖനത്തില്‍ അഭിനന്ദിച്ചു. പൊതുതാല്‍പ്പര്യത്തിനായി രാഹുല്‍ ഗാന്ധി നിലകൊണ്ടുവെന്നും രാഷ്ട്രീയ പക്വത കാണിച്ചുവെന്നും സാമ്‌നയില്‍ പറയുന്നു.

കൊവിഡ് 19ന്റെ പ്രാധാന്യത്തെക്കുറിച്ച് തുടക്കം മുതല്‍ രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. കേന്ദ്രസര്‍ക്കാരും ബിജെപിയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കൊവിഡിനെ തടയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്നും ശിവസേന കുറിച്ചു.