‘മന്ത്രിമാരുടെ എണ്ണം കൂടി, വാക്സിന്‍ വിതരണം കൂടിയില്ല’; മെല്ലെപ്പോക്കില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, July 11, 2021

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് വാക്സിനേഷനിലെ മെല്ലപ്പോക്കിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടി പക്ഷെ വാക്സിന്‍ വിതരണം കൂടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ സംബന്ധിച്ച കണക്കുകളും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നിലവിലെ രീതിയിലാണ് വാക്സിനേഷന്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന കേന്ദ്രത്തിന്‍റെ അവകാശവാദം നടക്കില്ലെന്നും കണക്കുകള്‍ സഹിതം അദ്ദേഹം വിവരിച്ചു.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് 2021 ഡിസംബര്‍ അവസാനത്തോടെ രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ദിവസേന 88 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കേണ്ടി വരും. എന്നാല്‍ പ്രതിദിനം രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിന്‍റെ കണക്കെടുത്താല്‍ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി പ്രതിദിനം 34 ലക്ഷം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് കൊവിഡ് സ്ഥിതിഗതികള്‍ ഇപ്പോഴും അപകടകരമായി തന്നെ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.