നരേന്ദ്ര മോദി ജനങ്ങളെ ഭയക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

Jaihind Webdesk
Wednesday, September 4, 2024

 

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ ഭയക്കുന്നുവെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നെഞ്ചുവിരിച്ചു നടന്ന മോദി ഇപ്പോള്‍ ഭരണഘടനയുമേന്തി വിനയാന്വിതനായാണ് കാണപ്പെടുന്നത്. രാജ്യത്തെ ജനങ്ങള്‍ കാരണമാണ് ഇത്തരമൊരു മാറ്റം വന്നത്. ജാതി സെന്‍സസ് ഉണ്ടാകില്ലെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ ജാതി സെന്‍സസ് വേണമെന്ന് ആര്‍എസ്എസ് പറയുന്നു. ലാറ്ററല്‍ എന്‍ട്രി നിയമനത്തില്‍ നിന്നും മോദിക്കും കൂട്ടര്‍ക്കും പുറകോട്ട് പോകേണ്ടി വന്നു. അതുപോലെ മോദിയെയും കൂട്ടരെയും ജനങ്ങള്‍ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിരവധി പ്രവര്‍ത്തകരാണ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്.

രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സോണിയാഗാന്ധി എന്നിവരും വരും ദിവസങ്ങളില്‍ റാലികളില്‍ പങ്കെടുക്കും. ഈ മാസം 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.