‘മോദി സർക്കാർ വെറുപ്പും വിദ്വേഷവും വളർത്തുന്നു, പാവങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല’: കത്തിക്കയറി രാഹുല്‍; പ്രതിഷേധക്കടലായി ഡല്‍ഹി രാംലീല മൈതാനം

Jaihind Webdesk
Sunday, September 4, 2022

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ കനത്ത താക്കീതായി രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും പാവപ്പെട്ടവർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘മെഹംഗായ് പർ ഹല്ലാ ബോല്‍’ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുന്നു. അവര്‍ ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണ്? പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ ഇവരില്‍ ആര്‍ക്കെങ്കിലുമാണോ മോദി സര്‍ക്കാരില്‍നിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്‍റേയും ഭയത്തിന്‍റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു ഭാഗത്ത് ജനങ്ങള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ മറുഭാഗത്ത് അവരെ വിലക്കയറ്റം ദുരിതത്തിലാക്കുന്നു. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലയളവിലൊന്നും ഇല്ലാത്ത പ്രയാസത്തിലാണ് സാധാരണ ജനങ്ങള്‍. കര്‍ഷകരുടെ പ്രശ്‌നമായാലും അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്‌നമായാലും രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. വെറുപ്പും വിദ്വേഷവും വളർത്തി കോർപറേറ്റ് പ്രീണനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. മറുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങള്‍ വിദ്വേഷം ഇല്ലാതാക്കുന്നു, വിദ്വേഷം ഇല്ലാതാക്കുമ്പോള്‍ രാജ്യം അതിവേഗം നീങ്ങും. അതാണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം’ – രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ‘ഭാരത് ജോഡോ’ യാത്രയില്‍ പങ്കെടുത്ത്  ആളുകളോട് രാഹുല്‍ ആഹ്വാനം ചെയ്തു.