ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സ്പീക്കറുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍. രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ അവസരം നിഷേധിച്ച വിഷയത്തിലുള്ള പരാതി സ്പീക്കറെ കണ്ടു. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് സഭ പ്രവര്‍ത്തിക്കുന്നതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് കുറ്റപ്പെടുത്തി . അടിസ്ഥാനരഹിതമായ ഒരു പരാമര്‍ശം തന്നെ കുറിച്ച് നടത്തിയെങ്കിലും അതിനെതിരേ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി , കോണ്‍ഗ്രസ് വിപ്പ് മാണിക്കം ടാഗോര്‍ എന്നിവര്‍ ഉള്‍പ്പെടെ 70 കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാരാണ് ലോക്‌സഭാ സ്പീക്കറെ കണ്ട് പരാതി ഉന്നയിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ സഭ പിരിച്ചുവിട്ടതായി അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ അടിയന്തര വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മൈക്രോഫോണ്‍ ഓഫാക്കിയതായി അദ്ദേഹം ഇതിനു മുമ്പ് പലതവണ ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അനുവാദമുണ്ടെന്നുള്ളത് പരമ്പരാഗത രീതിയാണ് .ഞാന്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം എനിക്ക് അനുവാദം ലഭിക്കാറില്ല. കഴിഞ്ഞ 7-8 ദിവസമായി എനിക്ക് സംസാരിക്കാന്‍ അനുവാദമില്ല. പ്രതിപക്ഷത്തിന് സ്ഥാനമില്ല… ഇത്തരത്തില്‍ എങ്ങനെ സഭ പ്രവര്‍ത്തിക്കാനാകുമെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.