Bihar Election 2025| “വോട്ടിന് വേണ്ടി മോദി എന്തും ചെയ്യും” ; ബിഹാറില്‍ നടക്കുന്നത് ബിജെപിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമെന്നും രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, October 29, 2025

മുസഫര്‍പൂര്‍: ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ‘വോട്ടുകള്‍ക്ക് വേണ്ടി നരേന്ദ്ര മോദി എന്തും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ടിന് വേണ്ടി നൃത്തം ചെയ്യാന്‍ പറഞ്ഞാല്‍ മോദി സ്റ്റേജില്‍ നൃത്തം ചെയ്യുമെന്നും മുസഫര്‍പൂരില്‍ ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനൊപ്പം നടത്തിയ റാലിയില്‍ രാഹുല്‍ പറഞ്ഞു.

അതിനിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, പ്രധാനമന്ത്രി മോദിയെയും നിതീഷ് കുമാറിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടി. അടുത്തിടെ സമാപിച്ച ബീഹാറികളുടെ ഏറ്റവും വലിയ ഉത്സവമായ ഛാട്ട് പൂജയെക്കുറിച്ച് പരാമര്‍ശിച്ച രാഹുല്‍, ഡല്‍ഹിയിലെ മലിനമായ യമുനാ നദിയില്‍ ഭക്തര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, പ്രധാനമന്ത്രി ‘പ്രത്യേകമായി നിര്‍മ്മിച്ച’ കുളത്തില്‍ മുങ്ങിയതിലെ വൈരുധ്യം ചൂണ്ടിക്കാട്ടി.മോദിയ്ക്ക് യമുനയുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് ഛാത്ത് പൂജയുമായും ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് നിങ്ങളുടെ വോട്ട് മാത്രമാണ് വേണ്ടത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

20 വര്‍ഷമായി ബീഹാറിന്റെ ഭരണം കൈയ്യാളിയിട്ടും പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി നിതീഷ് കുമാര്‍ ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ദുരുപയോഗം ചെയ്ത് സംസ്ഥാനത്തെ റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘നിതീഷ് ജിയുടെ മുഖം മാത്രമാണ് ഉപയോഗിക്കുന്നത്. ബിജെപിയുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍, ഏറ്റവും പിന്നോക്ക വിഭാഗക്കാരുടെ ശബ്ദം അവിടെ കേള്‍ക്കുമെന്ന് നിങ്ങള്‍ കരുതരുത്. അവര്‍ക്ക് സാമൂഹിക നീതിയുമായി ഒരു ബന്ധവുമില്ല,’ രാഹുല്‍ പറഞ്ഞു.

ബീഹാറില്‍ ഏകദേശം 66 ലക്ഷത്തോളം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതില്‍ വോട്ട് ചോരി ആരോപിച്ച രാഹുല്‍ ഗാന്ധി മഹാസഖ്യത്തെ പിന്തുണയ്ക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. മഹാ സഖ്യം വാഗ്ദാനം ചെയ്യുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ബിഹാറിന്റെ സ്വരമായിരിക്കും. ഞങ്ങള്‍ ആരെയും പിന്നിലാക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ബീഹാറിനെ ‘ആഗോള പഠന കേന്ദ്രമാക്കി’ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത രാഹുല്‍, നളന്ദ സര്‍വ്വകലാശാല പുനരുജ്ജീവിപ്പിക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ അനുസ്മരിച്ചു.

243 അംഗ ബീഹാര്‍ നിയമസഭയിലേക്ക് നവംബര്‍ 6, നവംബര്‍ 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍.