കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയവും ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗവും ലോക ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ മോദിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ ആശ്ലേഷിച്ചാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഇതേറെ വാര്‍ത്താപ്രധാന്യവും ജനശ്രദ്ധയും ആകര്‍ഷിച്ച രംഗമായിരുന്നു. എന്നാല്‍, ആ ആശ്ലേഷത്തിലേക്ക് തന്നെ നയിച്ച മാനസികാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് രാഹുല്‍ഗാന്ധി. ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ ആ വെളിപ്പെടുത്തല്‍.
രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു – ആലിംഗനമെന്ന ആയുധത്തെക്കുറിച്ച് താന്‍ പഠിച്ചത് അച്ഛന്‍ രാജീവ് ഗാന്ധിയില്‍ നിന്നാണെന്നാണ് രാഹുല്‍ പറഞ്ഞത്. മുത്തശ്ശി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്തായിരുന്നു അത്. അന്ന് രാഹുലിന് 14 വയസ്സായിരുന്നു പ്രായം. രാജീവ് ഗാന്ധി അന്ന് ബംഗാളിലായിരുന്നു. എന്റെ അമ്മയേക്കാള്‍ അടുപ്പം ദാദി(ഇന്ദിരാഗാന്ധി)യോടായിരുന്നു. അംഗരക്ഷകാരാലാണ് ദാദി കൊല്ലപ്പെട്ടത്. മുത്തശ്ശിയെ വെടിവെച്ച സത്വന്ത് സിങ് ആയിരുന്നു എന്നെ ബാഡ്മിന്റണ്‍ കളിക്കാന്‍ പഠിപ്പിച്ചത്. ദാദിയെ കൊന്നതില്‍ എനിക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷേ, അച്ഛന്‍ എന്നോട് കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നോക്കാനും പറഞ്ഞു. അതൊരു അദ്ഭുതം പോലെയായിരുന്നു.
പാര്‍ലമെന്റില്‍ വെച്ച് മോദിയെ ആലിംഗനം ചെയ്തപ്പോള്‍ അദ്ദേഹം തരിച്ചുപോകുന്നതായി എനിക്ക് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനും മനസിലായില്ല. ജീവിതത്തില്‍ സ്നേഹക്കുറവ് അനുഭവിച്ചിട്ടുള്ളയാളാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. രാഹുല്‍ പറഞ്ഞു.
സ്നേഹവും അഹിംസയുമാണ് ഗാന്ധിയും മഹാവീരനും ബുദ്ധനും അശോകനും പഠിപ്പിച്ചത്. മോദി തന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ചപ്പോഴും കൊണ്ടിരുന്നപ്പോഴും അദ്ദേഹത്തെ ആലിംഗനം ചെയ്തതില്‍ ഇതേ ചിന്ത തന്നെയാണുള്ളതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അക്രമവും ഹിംസയും ഒന്നിനും പരിഹാരമല്ല. അക്രമം കൊണ്ട് ഒന്നിനെയും നേരെയാക്കാനുമാകില്ല. ഒരു രക്തസാക്ഷിയുടെ മകന്റെ ഒപ്പം നില്‍ക്കാന്‍ എനിക്ക് കഴിയും. കാരണം അതേ വേദനയിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. രണ്ട് കുടുംബാംഗങ്ങളെ എനിക്ക് അക്രമം മൂലം മൂലം നഷ്ടപ്പെട്ടു. സ്‌നേഹത്തിലൂടെ മാത്രമേ വിദ്വേഷത്തെ തോല്‍പിക്കാന്‍ കഴിയൂ രാഹുല്‍ ഗാന്ധി പറഞ്ഞു.