‘അദാനി വിഷയത്തില്‍ മോദി മറുപടി പറഞ്ഞേ മതിയാകൂ; ജനാധിപത്യത്തിന്‍റെ ശബ്ദം മായിച്ച് കളയാനാവില്ല’: രാഹുല്‍ ഗാന്ധി

Wednesday, February 8, 2023

 

ന്യൂഡല്‍ഹി: അദാനി വിഷയത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിക്ക് മറുപടിയില്ല. അദാനി മോദിയുടെ സുഹൃത്താണ്. അല്ലെങ്കിൽ എന്തു കൊണ്ടാണ് അദ്ദേഹം  നിശബ്ദത പാലിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് കവാടത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘പ്രധാനമന്ത്രി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ തൃപ്തനല്ല. അദാനിക്കെതിരായ അന്വേഷണത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. അദാനി സുഹൃത്തല്ലെങ്കിൽ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് വ്യക്തമാണ്’– രാഹുൽ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തിന്‍റെ ശബ്ദം മായിച്ച് കളയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ലോക്സഭയിൽ മോദി – അദാനി ബന്ധത്തെ കുറിച്ച് നടത്തിയ പ്രസംഗം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരു കാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി ഇല്ലായിരുന്നു. അദാനിയുമായി ബന്ധപ്പെട്ട് പ്രധാനമായും ആറ് ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ലോക്സഭയില്‍ ഉന്നയിച്ചത്. മോദിയും അദാനിയും ചേർന്ന് എത്ര വിദേശയാത്രകള്‍ നടത്തി, മോദിയുടെ വിദേശയാത്രയ്ക്കിടെ എത്ര തവണ അദാനി അവിടെ എത്തിച്ചേർന്നു, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ അദാനി എത്ര തവണ ആ രാജ്യങ്ങള്‍ സന്ദർശിച്ചു, മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷം അദാനിക്ക് എത്ര കരാറുകള്‍ ലഭിച്ചു, കഴിഞ്ഞ 20 വർഷമായി അദാനി ബിജെപിക്ക് എത്ര പണം നല്‍കി, തെരഞ്ഞെടുപ്പ് ബോണ്ട് വഴി അദാനിയില്‍ നിന്ന് എത്ര രൂപ ലഭിച്ചു? ഇവയ്ക്കെല്ലാം മറുപടി പ്രധാനമന്ത്രി പറഞ്ഞേ മതിയാകൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.