റഫാലില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 284 കോടി രൂപ അനില്‍ അംബാനിയുടെ കമ്പനിയില്‍ ഡാസോ കമ്പനി നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണ് അംബാനിയുടെ കമ്പനി വിമാനനിര്‍മാണത്തിനാവശ്യമായ ഭൂമി വാങ്ങിയത്. റിലയൻസിനെക്കാൾ ഭൂമി എച്ച്.എ.എല്ലിന് ഉണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇക്കാര്യത്തില്‍ ഡാസോ സി.ഇ.ഒ നുണ പറയുകയാണ്. ഡാസോ സി.ഇ.ഒയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയും അനില്‍ അംബാനിയും ചേര്‍ന്ന കൂട്ടുകച്ചവടമാണ് റഫാല്‍ കരാര്‍. 8 ലക്ഷം കോടിയിലേറെ രൂപ നഷ്ടത്തിലുള്ള ഒരു കമ്പനിയില്‍ എന്തടിസ്ഥാനത്തിലാണ് ഡാസോ നിക്ഷേപത്തിന് തയാറായതെന്ന് അദ്ദേഹം ചോദിച്ചു. ഇത് അനില്‍ അംബാനിക്ക് ഭൂമി വാങ്ങാന്‍ വേണ്ടിയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അനില്‍ അംബാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഈ കരാര്‍ തയാറാക്കിയതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
മോദി സർക്കാർ പറയുന്നത് വില വിവരം രഹസ്യമാണെന്നാണ്. പക്ഷെ ദസോൾട്ടിന്‍റെ വാർഷിക റിപ്പോർട്ടിൽ വിലവിവരമുണ്ട്. വിലവിവരം പ്രസിദ്ധപ്പെടുത്തുന്നത് രാജ്യസുരക്ഷയുടെ ഭാഗമല്ല. അന്വേഷണം ഉണ്ടായാൽ പ്രധാനമന്ത്രി സഹകരിക്കില്ലെന്ന് ഉറപ്പാണ്, കാരണം അഴിമതി നടന്നിട്ടുണ്ട് എന്നത് പകല്‍പോലെ വ്യക്തമാണ്.
റഫാലിലെ വിവരങ്ങൾ ലഭിച്ചത് കൊണ്ടാണ് സി.ബി.ഐ ഡയറക്ടറെ കേന്ദ്രം ഇടപെട്ട് തിടുക്കപ്പെട്ട് മാറ്റിയത്. റഫാലിലെ ബാക്കി നീക്കങ്ങൾ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.