വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്; ടാറ്റ കൈവശപ്പെടുത്തിയ ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുനല്‍കി

ചത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്. ബസ്തറില്‍ ടാറ്റ കൈവശപ്പെടുത്തിയ ഭൂമി ആദിവാസികള്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി. വനാവകാശ രേഖകളും കടം എഴുതിത്തള്ളല്‍ രേഖകളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദിവാസികള്‍ക്ക് കൈമാറി. ആദിവാസി കര്‍ഷകരുടെ സമ്മേളനത്തില്‍ വച്ചാണ് ഭൂമി കൈമാറിയത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബസ്തറില്‍ ഭൂമി ഏറ്റെടുക്കല്‍ ചട്ടം നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗ്രാമവാസികളുടെ കയ്യില്‍നിന്ന് ടാറ്റ കൈവശപ്പെടുത്തിയ ഭൂമി അതിന്‍റെ യഥാര്‍ഥ ഉടമകള്‍ക്ക് തിരിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയത്. ഇതോടെ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറി ഛത്തീസ്ഗഢ്.

 

2008 ലാണ് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ 1764.61 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് ടാറ്റ സ്റ്റീല്‍ പ്രൊജക്റ്റിനായി കൈമാറിയത്. എന്നാല്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

മോദി സര്‍ക്കാര്‍ കുത്തകമുതലാളിമാരായ സുഹൃത്തുക്കളുടെ വായ്പ എഴുതിത്തള്ളുന്ന തിരക്കിലാണെന്നും കര്‍ഷകരുടെ ദുരിതങ്ങള്‍ കാണാന്‍ സമയമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.വനത്തിന്‍റെയും ഭൂമിയുടെയും വെള്ളത്തിന്‍റെയും അവകാശികള്‍ ആദിവാസികളാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മതമോ ജാതിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുമെന്നും പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ തന്നെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളിയിരുന്നു. ഇപ്പോള്‍‌ ടാറ്റയുടെ കയ്യില്‍ നിന്ന് ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുനല്‍കിയതിലൂടെ തങ്ങളുടെ പ്രധാന വാഗ്ദാനവും നടപ്പിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

chhattisgarhtriballandrahul gandhi
Comments (0)
Add Comment