നന്മയും സ്നേഹവും പങ്ക് വച്ചും, വികസനം ചർച്ച ചെയ്തും 3 ദിവസത്തെ വയനാട് സന്ദർശനം പൂർത്തിയാക്കി രാഹുൽഗാന്ധി

Jaihind News Bureau
Saturday, December 7, 2019

നന്മയും സ്നേഹവും പങ്ക് വച്ചും, വികസനം ചർച്ച ചെയ്തും 3 ദിവസത്തെ വയനാട് സന്ദർശനം രാഹുൽഗാന്ധി പൂർത്തിയാക്കി. ബൂത്ത് തല നേതാക്കളെ കണ്ട് നന്ദി പറഞ്ഞും, വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തും, മണ്ഡലത്തിലെ 20 ലേറെ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ജില്ലയിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നുറപ്പ് നൽകിയാണ് ഇത്തവണ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ചുരമിറങ്ങിയത്.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇത് നാലാം തവണയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. രാഹുൽ വിജയിച്ചാൽ എംപിയെ കാണാൻകിട്ടില്ലെന്ന രാഷ്ട്രീയ എതിരാളികളുടെ ദുഷ് പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയായിമാറിയിരിക്കുകയാണ് 5 മാസത്തിനിടെയുള്ള അദ്ദേഹത്തിന്‍റെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ. തെരഞ്ഞെടുപ്പിൽ തന്റെ റെക്കാർഡ് ഭൂരിപക്ഷനേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ബൂത്ത് തല യുഡിഎഫ് നേതാക്കളെ കാണുന്നതിനും, ചില വികസന പദ്ധതികൾക്ക് തുടക്കമിടുന്നതിനുമായിരുന്നു ഇത്തവണത്തെ സന്ദർശനം. 6 നിയമസഭാ മണ്ഡലങ്ങളിലെ 15,000 ത്തിൽപ്പരം ബൂത്ത് കൺവീനർമാർ/അധ്യക്ഷൻമാർ തുടങ്ങിയ പ്രാദേശിക നേതാക്കളെ രാഹുൽ ഗാന്ധി നേരിൽ കണ്ട് നന്ദി പറഞ്ഞു.

ക്ലാസ് മുറിയിൽ വച്ച്പാമ്പ് കടിയേറ്റ് മരിച്ച 5-ആം ക്ലാസുകാരി ഷഹല ഷെറിന്‍റെ വീട്ടിലെത്തി, അകാല വിയോഗത്തിന്‍റെ നടുക്കത്തിൽ നിന്നും മോചിതരാകാത്ത ഷഹലയുടെ മാതാപിതാക്കളെയും, ബന്ധുക്കളെയും രാഹുൽ ആശ്വസിപ്പിച്ചു. സ്കൂൾ സന്ദർശിച്ച് ഷഹലയുടെ സഹപാഠികളെയും കണ്ടു. വയനാട്ടുകാരുടെ എക്കാലത്തേയും സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ ജില്ലയിൽ മധ്യപ്രദേശ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാരുമായി ചർച്ച നടത്തുമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതുവരെ ജില്ലയോട് വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം പാലിച്ച രാഹുൽ ഗാന്ധി, മെഡിക്കൽ കോളേജ് വിഷയത്തിലും വയനാടിന്‍റെ വികാരങ്ങൾക്കൊപ്പം നിൽക്കുമെന്നു തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.

എംപി ഫണ്ടിൽ പണി പൂർത്തിയാക്കിയ വിവിധ സ്കൂൾ-ആശുപത്രി കെട്ടിടങ്ങളുടെ ഉദ്ഘാടനം, വാഹന കൈമാറ്റം, ജില്ലാ പഞ്ചായത്തിന്‍റെയും, കുടുംബശ്രീയുടേയും പദ്ധതികൾ, തുടങ്ങി നിരവധി വികസന പദ്ധതികൾക്ക് 3 ദിവസത്തെ മണ്ഡല സന്ദർശനത്തിനിടെ ഇത്തവണ രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. പരിപാടി സ്ഥലത്തും, റോഡരികിലുമെല്ലാം രാഹുൽ ഗാന്ധിയെ കാണാനായി തിങ്ങിനിറഞ്ഞ ജനങ്ങൾ, അവരുടെ നീറുന്ന പ്രശ്നങ്ങൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്താനായി 100 കണക്കിന് നിവേദനങ്ങൾ നൽകി.. എല്ലാം ഏറ്റുവാങ്ങി, പുതുവർഷ ആശംസകളും നൽകിയാണ് രാഹുൽ ഗാന്ധി ചുരമിറങ്ങിയത്.

https://youtu.be/axHJee-syww