കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സുപ്രധാന നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്; ധവളപത്രം പുറത്തിറക്കി

Jaihind Webdesk
Tuesday, June 22, 2021

ന്യൂഡല്‍ഹി : കൊവിഡ് വിഷയത്തില്‍ ധവളപത്രമിറക്കി കോണ്‍ഗ്രസ്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രത്തെ സഹായിക്കുക എന്ന ലക്ഷ്യമാണ് ധവളപത്രത്തിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ബിജെപി, പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എന്ന വേര്‍തിരിവ് പാടില്ലെന്നും സമ്പൂര്‍ണ്ണ വാക്സിനേഷന്‍ മാത്രമാണ് കൊവിഡിനെ നേരിടുന്നതിന് ഏക പ്രതിവിധിയെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. മൂന്നാം തരംഗം ഭീഷണിയായി മുന്നിലുള്ള പശ്ചാത്തലത്തില്‍ സുപ്രധാന നിര്‍ദേശങ്ങളും രാഹുല്‍ ഗാന്ധി കേന്ദ്രത്തിന് മുന്നില്‍ വെച്ചു.

ഒന്നും രണ്ടും തരംഗങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ച ദുരന്തം ഇനി ആവര്‍ത്തിക്കരുത് എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ മതിയായ തയാറെടുപ്പുകളില്ലാത്ത് കാരണം നഷ്ടമായത് നിരവധി ജീവനുകളാണ്. ഇനി അത്തരമൊരു ഗുരുതരമായ അലംഭാവം ഉണ്ടാകാന്‍ പാടില്ല. മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്‍റെ ധവളപത്രം ഇതിന് മാര്‍ഗദര്‍ശകമാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

നാല് സുപ്രധാന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഒന്നും രണ്ടും തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ തെറ്റ് സംഭവിച്ചത് എവിടെയെന്ന് മനസിലാക്കുക എന്നതാണ് ഒന്നാമത്തേത്. മൂന്നാം തരംഗത്തിനെ നേരിടാന്‍ തയാറെടുക്കുക എന്നതാണ് ഇതില്‍ രണ്ടാമത്തേത്. ആശുപത്രി സൌകര്യങ്ങള്‍, ഓക്സിജന്‍ ലഭ്യത ഉറപ്പാക്കല്‍, മരുന്നിന്‍റെ ലഭ്യത എന്നിവയെല്ലാം ഇതില്‍ഉള്‍പ്പെടും. കാര്യക്ഷമമായ സാമ്പത്തിക പാക്കേജ് ആണ് മൂന്നാമത് ശ്രദ്ധിക്കേണ്ടത്. ചെറുകിട വ്യവസായ മേഖലയുടെ തകര്‍ച്ച രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കും. നേരിട്ടുള്ള ധനസഹായം ആവശ്യമാണ്. കൊവിഡ് ധനസഹായം ആണ് നാലാമത്തേത്. കൊവിഡില്‍ ഉറ്റവരെയും ആശ്രിതരെയും നഷ്ടമായവര്‍ക്ക് സഹായം ഉറപ്പാക്കണം.

സമ്പൂര്‍ണ്ണ വാക്സിനേഷന്‍ മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. എത്രയും വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. 50 ശതമാനമോ 70 ശതമാനമോ ആൾക്കാരെ മാത്രം വാക്‌സിനേറ്റ് ചെയ്തതുകൊണ്ട് കാര്യമില്ല. വൈറസ് വകഭേദം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ ബിജെപി സംസ്ഥാനങ്ങൾ പ്രതിപക്ഷ സംസ്ഥാനങ്ങൾ എന്ന വേർതിരിവ് പാടില്ല. എല്ലാ സംസ്ഥാനങ്ങളോടും ഒരേ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.