കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്‍റെ സമ്പത്തെന്ന് രാഹുൽ ഗാന്ധി, മോദി സര്‍ക്കാരിന് പാവങ്ങളെക്കുറിച്ച് ചിന്തയില്ലെന്ന് തൊഴിലാളികള്‍; സംഭാഷണത്തിന്‍റെ പൂര്‍ണരൂപം പുറത്തുവിട്ട് കോണ്‍ഗ്രസ് | VIDEO

Jaihind News Bureau
Saturday, May 23, 2020

 

കുടിയേറ്റ തൊഴിലാളികളുമായി മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ സംഭാഷണത്തിന്‍റെ പൂര്‍ണരൂപം പുറത്തുവിട്ട് കോണ്‍ഗ്രസ്. അംബാലയില്‍ നിന്നും ഝാന്‍സിയിലേക്ക്  നടന്നുപോയ കുടിയേറ്റ തൊഴിലാളികളോട് ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറില്‍ വച്ചായിരുന്നു രാഹുല്‍ ഗാന്ധി സംവദിച്ചത്.

തൊഴിലും ഭക്ഷണവും ഇല്ലാതെ സാഹചര്യത്തിലാണ് പലായനം നടത്തേണ്ടി വന്നതെന്ന് തൊഴിലാളികൾ രാഹുൽ ഗാന്ധിയോട് വ്യക്തമാക്കി. സര്‍ക്കാരിന് പാവങ്ങളെക്കുറിച്ച് ചിന്തയില്ലെന്നും അവര്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്‍റെ സമ്പത്തെന്നായിരുന്നു  രാഹുൽ ഗാന്ധിയുടെ പ്രതികരണം.

‘ഭക്ഷണവും തൊഴിലും ഇല്ല. വീട്ടുടമകൾ വാടക ഈടാക്കുന്നു. പലായനം അല്ലാതെ മറ്റ് മാർഗം ഇല്ല. ഉള്ളതെല്ലാം ഉപേക്ഷിച്ച് കൈയ്യിൽ എടുക്കാവുന്നതുമായാണ് യാത്ര. സർക്കാർ സഹായിക്കുന്നില്ല. കൊവിഡ് രോഗഭീതി ഉണ്ട്. യാത്ര മധ്യേ പൊലീസ് ആക്രമിക്കുന്നു. സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. നരേന്ദ്രമോദി സാധാരണക്കാരെ പരിഗണിക്കുന്നില്ല.’ തൊഴിലാളികൾ രാഹുല്‍ ഗാന്ധിയോട് വിവരിച്ചു. കുടിയേറ്റ തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമല്ല രാഹുൽ ഗാന്ധി ചെയ്തത്. അവരെ ഉത്തർപ്രദേശിലെ ഝാന്‍സിയിൽ സുരക്ഷിതരായി എത്തിക്കാൻ വേണ്ട നടപടികളും രാഹുൽ ഗാന്ധി കൈക്കൊണ്ടു.