കല്‍പ്പറ്റ: കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞ നാലര വയസുകാരൻ മുഹമ്മദ് യാമിന്‍റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വാഹനാപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷെരീഫിന്‍റെ വീടും രാഹുൽ ഗാന്ധി സന്ദർശിച്ചു. മുമ്പ് രാഹുൽ ഗാന്ധി ഷെരീഫിന്‍റെ ഓട്ടോയിൽ യാത്ര നടത്തിയതിന്‍റെ ഓർമ്മ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
ഇക്കഴിഞ്ഞ 17-ാം തീയതി കടച്ചിക്കുന്നിലെ ബന്ധുവീട്ടിൽ നിന്നും രാത്രി ഓട്ടോയിൽ മടങ്ങവേ നെടുങ്കരണ വെച്ച് രാത്രി 8.30 ഓടെയായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് കുറുകെ കാട്ടുപന്നി വട്ടം ചാടി വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് നാലര വയസുകാരൻ മുമ്മദ് യാമിൻ മരിച്ചത്. ഉമ്മ സുബൈറ, ഉപ്പ ഷമീർ, സഹോദരങ്ങൾ എന്നിവരെ ഓടത്തോട് വീട്ടിൽ എത്തി രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു.
വാര്യാട് അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷെരീഫിന്‍റെ വീടും രാഹുൽ ഗാന്ധി സന്ദർശിച്ചു. 2021 ഏപ്രിൽ നാലിന് രാഹുൽ ഗാന്ധി ഷെരീഫിന്‍റെ ഓട്ടോയിൽ കയറി യാത്ര നടത്തിയിരുന്നു. എടപ്പെട്ടി ജീവൻ ജ്യോതി സന്ദർശിച്ചശേഷം തിരികെ പോകാൻ ഹെലികോപ്റ്റർ കയറാനായി കല്‍പ്പറ്റ എസ്കെഎംജെ സ്കൂൾ വരെയായിരുന്നു യാത്ര. ഷെരീഫിനൊപ്പമുള്ള ഓട്ടോയാത്രയുടെ ഓർമ്മച്ചിത്രം കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഷെരീഫിന്‍റെയും മരിച്ച ഓട്ടോയാത്രക്കാരി അമ്മിണിയുടെയും കുടുംബത്തെ രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. എഐസിസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയും ഒപ്പമുണ്ടായിരുന്നു.
ചിത്രം: രാഹുല്‍ ഗാന്ധി പങ്കുവെച്ച ഷെരീഫിനൊപ്പമുള്ള ഓട്ടോറിക്ഷാ യാത്രയുടെ ഓർമ്മ
https://www.youtube.com/watch?v=5VK798ytGQQ