പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്, ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന കടന്നുകയറ്റം തുടരുന്നു: ലഡാക്കില്‍ അതിർത്തി വിഷയം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, August 20, 2023

 

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന കടന്നുകയറ്റം തുടരുകയാണ്. അതിർത്തിയിലെ ജനങ്ങൾ ഭയപ്പാടിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്കിലെ പാംഗോങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ലഡാക്കിലെ ജനങ്ങളിലും ഈ ഭയപ്പാടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.  യഥാർത്ഥ നിയന്ത്രണരേഖയുടെ ഭാഗത്തേക്ക് ആരും പ്രവേശിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം അസത്യമാണ്. പ്രദേശത്തുള്ള ആർക്കും അത് സ്ഥിരീകരിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘‘ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും ചൈന കടന്നുകയറ്റം തുടരുകയാണ്. സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ നടപടികളുണ്ടാകുന്നില്ല. ചൈനീസ് സൈന്യം ഇന്ത്യൻ ഭൂമിയിലാണ്. അതിനാൽ അതിർത്തിയിലെ ജനങ്ങൾ ഭയപ്പാടിലാണ്. ചൈന ഇപ്പോഴും കടന്നുകയറുകയാണെന്നാണ് അവർ പറയുന്നത്” – രാഹുൽ ഗാന്ധി പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമാക്കിയതിനുശേഷം ലഡാക്കിലെ ആളുകൾ ഒട്ടും സന്തുഷ്‌ടരല്ല. ജനങ്ങൾ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വളരെ രൂക്ഷമായി അനുഭവിക്കുകയാണ്. അവർക്ക് നിരവധി പരാതികളുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപമാണ് രാഹുൽ ഗാന്ധിയുള്ളത്. ബൈക്ക് യാത്ര നടത്തിയാണ് രാഹുല്‍ ഇവിടേക്ക്  എത്തിച്ചേർന്നത്. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്ന് പാംഗോങ് തടാകത്തിന് സമീപം രാഹുൽ ഗാന്ധി പുഷ്‌പാർച്ചനയും പ്രാർത്ഥനയും നടത്തി.