ന്യൂഡല്‍ഹി: ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുവാഹത്തിക്കടുത്ത് സോനാപൂരിലെ സുബിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്ന സ്ഥലത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്താണ് സംഭവിച്ചതെന്ന് അറിയണം. വേഗത്തില്‍ അന്വേഷിക്കുക, സുതാര്യമായി അന്വേഷിക്കുക, സിംഗപ്പൂരില്‍ എന്താണ് സംഭവിച്ചതെന്ന് കുടുംബത്തോട് കൃത്യമായി പറയുക എന്നത് സര്‍ക്കാരിന്റെ കടമയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘സുബിന്‍ ഗാര്‍ഗിന്റെ കുടുംബത്തിനും അസമിലെ ജനങ്ങള്‍ക്കും അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ അവകാശമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത അസമീസ് ഷാളായ ‘ഗമോസ’യും പുഷ്പചക്രവുമാണ് രാഹുല്‍ ഗാന്ധി ഗായകന് അന്തിമോപചാരമായി അര്‍പ്പിച്ചത്. അസം പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗോഗോയ്, എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ, മറ്റ് മുതിര്‍ന്ന സംസ്ഥാന പാര്‍ട്ടി നേതാക്കള്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍, സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടം ‘ജസ്റ്റിസ് ഫോര്‍ സുബിന്‍’, ‘ജയ് സുബിന്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് നടന്ന ‘നാം-കീര്‍ത്തനില്‍’ – പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.ഗായകന്‍ ഇഷ്ടപ്പെട്ടിരുന്ന ‘നാഹോര്‍’ വൃക്ഷ തൈയും രാഹുല്‍ ആ ഭൂമിയില്‍ നട്ടു.
സെപ്റ്റംബര്‍ 19 ന് സിംഗപ്പൂരില്‍ നീന്തുന്നതിനിടെയാണ് 52 വയസ്സുകാരനായ ഗാര്‍ഗിന് ദുരന്തമുണ്ടായത് . സെപ്റ്റംബര്‍ 23 ന് ഗുവാഹത്തിക്കടുത്തുള്ള സോനാപൂരില്‍ സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തി. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ അസം സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്.
അസമിന്റെ സാംസ്‌കാരിക പ്രതിമയായ സുബിന്‍ ഗാര്‍ഗിന് ഗുവാഹത്തിയിലെ സോനാപൂരില്‍ അന്ത്യകര്‍മ്മങ്ങള്‍ നടന്ന സ്ഥലത്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കാഞ്ചന്‍ജംഗ പര്‍വതത്തെ ഓര്‍മ്മിച്ചു. സുബിന്‍ ഗാര്‍ഗ് തന്റെ സാമൂഹിക വിമര്‍ശനങ്ങളില്‍ പലപ്പോഴും ‘കാഞ്ചന്‍ജംഗ’ എന്ന പേര് ഉപയോഗിച്ചിരുന്നു.