‘കേന്ദ്ര മന്ത്രി അജയ് മിശ്ര ക്രിമിനല്‍’ : കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, December 16, 2021

ന്യൂഡൽഹി : ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് പങ്കുണ്ടെന്നും മന്ത്രി രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മിശ്രയെ ക്രിമിനൽ എന്നാണ് രാഹുൽ സഭയിൽ വിശേഷിപ്പിച്ചത്.

‘ഈ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. അദ്ദേഹം ക്രിമിനലാണ്. ലഖിംപൂരിർ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ അദ്ദേഹത്തിന് പങ്കുണ്ട്്.’ – പ്രതിപക്ഷ ബഹളത്തിനിടെ രാഹുൽ പറഞ്ഞു. ഒക്ടോബറിൽ നടന്ന സംഭവത്തിൽ നാല് കർഷകർ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടിരുന്നത്. മന്ത്രി അജയ് മിശ്രയുടെ മകൻ അടക്കം 13 പേരെ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്.

പാർലമെന്‍റിൽ രാഹുൽ വിഷയം സംസാരിക്കവെ സ്പീക്കർ ഓം ബിർള പല തവണ ഇടപെട്ടു. ‘ലഖിംപൂർ ഖേരിയിൽ കൊലപാതകം നടന്നിരിക്കുന്നു. അതിൽ കേന്ദ്രമന്ത്രിക്ക് പങ്കുണ്ട്. ആ വിഷയത്തിൽ ഞങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം കർഷകരെ ദ്രോഹിച്ചിരിക്കുന്നു. അദ്ദേഹം ഗൂഢാലോചനയിൽ പങ്കാളിയാണ്. മന്ത്രിക്ക് ശിക്ഷ ലഭിക്കണം.’ ഈ വേളയിൽ ഇടപെട്ട സ്പീക്കറോട് പറയാൻ അനുവദിക്കൂ എന്ന് രാഹുൽ അഭ്യർത്ഥിച്ചു. സംസാരിക്കൂ എന്ന് പറഞ്ഞ ബിർല വീണ്ടും ഇടപെട്ടു. സംഭവത്തിൽ മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് സംസാരിക്കവെ സ്പീക്കർ അടുത്ത ചോദ്യത്തിലേക്ക് നീങ്ങുകയായിരുന്നു.

ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും രണ്ടു മണി വരെ നിർത്തിവച്ചു. ഇന്നലെയും കോൺഗ്രസ് ലഖിംപൂർ വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.