മോദി നുണപറയുന്നു ; കൊവിഡ് കാലത്ത് കേന്ദ്രത്തിന്‍റെ വീഴ്ച മൂലം മരിച്ചത് 40 ലക്ഷം ഇന്ത്യക്കാര്‍: രാഹുല്‍ ഗാന്ധി

Sunday, April 17, 2022

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ  വീഴ്ച മൂലം കൊവിഡ് മഹാമാരി കാലത്ത്  40 ലക്ഷം ഇന്ത്യക്കാരാണു മരിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മരിച്ച എല്ലാവരുടേയും കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ലോകത്താകെ സംഭവിച്ച കൊവിഡ് മരണങ്ങളുടെ കണക്ക് പുറത്തുവിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസപ്പെടുത്തുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടും രാഹുല്‍ ട്വീറ്റ് ചെയ്തു.

‘മോദിജി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല. ഓക്‌സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും നുണ പറയുകയാണ്. സര്‍ക്കാരിന്റെ വീഴ്ച മൂലം അഞ്ച് ലക്ഷം പേരല്ല, മറിച്ച് 40 ലക്ഷം ഇന്ത്യക്കാരാണു മരിച്ചതെന്നു ഞാന്‍ മുന്‍പേ പറഞ്ഞതാണ്. മോദിജീ, വാഗ്ദാനം പാലിക്കൂ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കൂ’ – രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ കൊവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിക്കെതിരെ ഇന്ത്യ ശനിയാഴ്ച രംഗത്തെത്തിയിരുന്നു. ഇത്രയേറെ ജനസംഖ്യയുള്ള രാജ്യത്ത് മരണസംഖ്യ അറിയാനായി ഗണിതശാസ്ത്ര മാതൃക ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥ കോവിഡ് മരണക്കണക്ക് പുറത്തുവിടാന്‍ മടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് മരണസംഖ്യ 5,21,751 ആണ്.

https://platform.twitter.com/widgets.js