ബലാകോട്ട് വിവരങ്ങള്‍ അർണബിന് ചോർത്തി നൽകിയത് പ്രധാനമന്ത്രിയാകാം ; സംഭവം ക്രിമിനൽ കുറ്റം : രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, January 19, 2021

 

ന്യൂഡല്‍ഹി : ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അർണബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് പ്രധാനമന്ത്രി ആകാമെന്ന് രാഹുൽ ഗാന്ധി.  സംഭവം ക്രിമിനൽ കുറ്റമെന്നും അദ്ദേഹം പറഞ്ഞു. അർണബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റുകളിൽ സമഗ്ര അന്വേഷണം അവശ്യമെന്ന് കോണ്‍ഗ്രസ്.

ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യം പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ചുപേർക്ക് മാത്രമാണ് അറിയാവുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിഷയം അർണാബ് ഗോസ്വാമിക്ക് ചോർത്തി നൽകിയത് ക്രിമിനൽ കുറ്റമാണ്. ഒരു പക്ഷെ പ്രധാനമന്ത്രിയാകാം വിവരങ്ങൾ അർണബിന് ചോർത്തി നൽകിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

അർണബ്  ബലാകോട്ട് ആക്രമണ വിവരം മുൻകൂട്ടി അറിഞ്ഞിട്ടുണ്ടെങ്കിൽ പാകിസ്‌താനിലും ആ വിവരം എത്തിയിട്ടുണ്ടാകും എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. സംഭവത്തിൽ സുപ്രീം കോടതിയും ദേശിയ അന്വേഷണ ഏജൻസിയും സ്വമേധയാ കേസ് എടുക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ ആവശ്യപ്പെട്ടു.  കേന്ദ്ര സർക്കാർ വ്യക്തത വരുത്തണം എന്നും അദ്ദേഹം പറഞ്ഞു.