പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ വസതിയില്‍ സമാശ്വാസവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, April 30, 2025


പഹല്‍ഗാം ഭീകരാക്രമണത്തിനിരയായ ശുഭം ദ്വിവേദിയുടെ കുടുംബത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിച്ചു. കാണ്‍പൂരിലെ ദ്വിവേദിയുടെ വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ദ്വിവേദിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഏപ്രില്‍ 23 ന് ദ്വിവേദിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

‘ശുഭം ദ്വിവേദിയുടെ കുടുംബത്തെ ഇന്ന് ഞാന്‍ കണ്ടു, ആശ്വസിപ്പിച്ചു. ഈ ദാരുണ നിമിഷത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. തീവ്രവാദികള്‍ക്കെതിരെ കര്‍ശനവും കൃത്യവുമായ നടപടി സ്വീകരിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുകയും വേണം.’ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രണ്ടു ദിവസത്തെ മണ്ഡല പര്യടത്തിനായി റായ്ബറേലിയില്‍ എത്തിയതായിരുന്നു രാഹുല്‍. അമേഠിയും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ദിരാഗാന്ധി നഴ്‌സിംഗ് കോളേജിലെത്തി വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. അമേഠിയിലെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഓപ്പറേഷന്‍ തിയേറ്റര്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. പുതിയ ആംബുലന്‍സ് സര്‍വ്വീസിന് അദ്ദേഹം പച്ചക്കൊടി കാട്ടി.