സോള്‍ട്ട് & പെപ്പര്‍ നീളന്‍ താടി, ട്രിം ചെയ്തു; പുത്തന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, March 1, 2023

ന്യൂഡൽഹി : പുത്തന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി. ക്ലീന്‍ ഷേവില്‍ നിന്നും സോള്‍ട്ട് & പെപ്പര്‍ ലുക്കിലുള്ള നീളന്‍ താടിയിലേക്ക് രാഹുല്‍ ഗാന്ധി മാറിയത് ഇടതടവില്ലാതെ നാം കണ്ടുകൊണ്ടിരുന്നതാണ്.  ജോഡോ യാത്രയുടെ തരംഗത്തോടൊപ്പം രാഹുലിന്‍റെ താടിയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴിതാ താടിയും മുടിയും ട്രിം ചെയ്ത് പുത്തന്‍ ലുക്കിലെത്തിയിരിക്കുകയാണ് അദ്ദേഹം.  ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.

2022 സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ ക്ലീന്‍ ഷേവിലായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ സമയക്കുറവാല്‍ താടിയും മുടിയും മുറിക്കുന്നത് ഒഴിവാക്കുകയായിരുന്നു. പിന്നീട് വെള്ള ടീ ഷേര്‍ട്ട് ധരിച്ചെത്തിയ രാഹുല്‍ യാത്രയിലുടനീളം അത് തന്നെ തുടര്‍ന്നു. 4,080 കിലോമീറ്റർ യാത്ര ചെയ്ത് ജനുവരി 30 നാണ് ജോഡോ യാത്ര കശ്മീരില്‍ പര്യവസാനിച്ചത്.  അതിനു ശേഷം പാര്‍ലമെന്‍റിലും പ്ലീനറിയിലും താടിവെട്ടാതെയാണ് രാഹുല്‍ എത്തിയത്.

എന്നാല്‍ ഇപ്പോള്‍ താടിയും മുടിയും വെട്ടിയൊതുക്കി  സ്യൂട്ടും ടൈയ്യും ധരിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിലാണ്  രാഹുൽ കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്തിയത്.