രാഹുല്‍ ഗാന്ധി: ഇന്ത്യന്‍ ജനാധിപത്യ പുനരുജ്ജീവനത്തിന്‍റെ പുതിയ പ്രതീക്ഷ | ലേഖനം

Jaihind Webdesk
Thursday, June 27, 2024

 

ബി.എസ്. ഷിജു

 

ആശയറ്റ ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ നല്‍കുന്നതാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി എത്തുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ലമെന്‍ററി ജനാധിപത്യത്തിനും ഇത് പുനര്‍ജന്മം. തുടര്‍ച്ചയായ പത്തു വര്‍ഷത്തെ മോദി ഭരണത്തിനു കീഴില്‍ സമസ്ത മേഖലകളെയും പോലെ ഇന്ത്യന്‍ പാര്‍ലമെന്‍റും നേരിട്ടത് വലിയ ഭീഷണിയാണ്. പാര്‍ലമെന്‍ററി ജനാധിപത്യത്തിലുണ്ടാകേണ്ട അനിവാര്യമായ ചര്‍ച്ചകള്‍ക്ക് കൂച്ചുവിലങ്ങിട്ടു. കൂടിയാലോചനകളില്ലാതെ, നിയമനിര്‍മ്മാണങ്ങള്‍ നടത്തി. എന്തിന് രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുന്നതിനുള്ള അവസരങ്ങള്‍ പോലും പ്രതിപക്ഷ അംഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. സഭാ സമ്മേളനങ്ങളെ കേവലം മോദി സ്തുതി പാടല്‍ വേദിയാക്കി ചുരുക്കി.

“സംവാദങ്ങളില്ലാതെ, വിമര്‍ശനങ്ങളില്ലാതെ, ഒരു ഭരണത്തിനും ഒരു രാജ്യത്തിനും വിജയിക്കാനാവില്ല – ഒരു റിപ്പബ്ലിക്കും നിലനില്‍ക്കാനാവില്ല” എന്ന് പരസ്യമായി നിലപാടെടുത്ത പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, 1952-ലെ ഒന്നാം ലോക്സഭയില്‍ കേവലം 16 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായ എ.കെ. ഗോപാലന് എത്രത്തോളം പരിഗണന നല്‍കിയിരുന്നുവെന്നത് ചരിത്ര രേഖകളിലുണ്ട്. എകെജിയുടെ വാക്കുകളെ ആദരവോടെയാണ് നെഹ്റു സഭയ്ക്കുള്ളിലും പുറത്തും കാതോര്‍ത്തത്. പ്രതിപക്ഷ ശബ്ദങ്ങളോട് പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും പിന്തുടര്‍ന്നത് അതേ പരിഗണനയും സഹിഷ്ണുതയുമാണ്. അത്തരത്തില്‍ ലോകത്തിന് തന്നെ മാതൃകയായിരുന്ന ഇന്ത്യയുടെ പാര്‍ലമെന്‍ററി നടപടിക്രമങ്ങളുടെ കടയ്ക്കല്‍ മോദിയും ഷായും ചേര്‍ന്ന് എങ്ങനെ കത്തിവെച്ചു എന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തം. 17-ാം ലോക്സഭ അഞ്ചു വര്‍ഷത്തിനിടെ 274 തവണ ചേര്‍ന്നു. 179 ബില്ലുകള്‍ പാസാക്കി. ഇതില്‍ അവതരിപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പാസാക്കിയത് 58 ശതമാനം ബില്ലുകളാണ്. 35 ശതമാനം ബില്ലുകള്‍ പാസാക്കിയതാകട്ടെ ഒരു മണിക്കൂറിനുള്ളിലും. 16 ശതമാനം ബില്ലുകള്‍ മാത്രമാണ് പാര്‍ലമെന്‍ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടത്. അതായത് 4 ബില്ലുകള്‍. 16-ാം ലോക്സഭയില്‍ പാര്‍ലമെന്‍ററി സമിതിക്ക് വിട്ട ബില്ലുകളുടെ എണ്ണം 28 ശതമാനമായിരുന്നു. അതേസമയം, രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 71 ശതമാനം ബില്ലുകളും ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 60 ശതമാനം ബില്ലുകളുമാണ് പാര്‍ലമെന്‍ററി സമിതികളുടെ പരിഗണനയ്ക്ക് വിട്ടിരുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ 16-ാം ലോക്സഭയില്‍ ധനവിനിയോഗ ബില്ലുകള്‍ ഒഴികെ 133 ബില്ലുകള്‍ പാസാക്കി. ഇതില്‍ 32 ശതമാനം ബില്ലുകള്‍ മാത്രമാണ് മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം പാസാക്കിയത്. ബാക്കി ബില്ലുകളെല്ലാം അപ്പം ചുടുന്ന വേഗതയില്‍ പാസാക്കിയെടുക്കുകയായിരുന്നു.

മോദി ഭരണത്തിന് കീഴില്‍ ബജറ്റിന്മേല്‍ പോലും പാര്‍ലമെന്‍റിനുള്ളില്‍ വേണ്ടരീതിയിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. 2019-മുതല്‍ 2023 വരെ 80 ശതമാനം ബജറ്റും ചര്‍ച്ച കൂടാതെ പാസാക്കി. 2023-ലാകട്ടെ മുഴുവന്‍ ബജറ്റും ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കുകയാണുണ്ടായത്. 17-ാം ലോക്സഭയില്‍ വിവിധ വിഷയങ്ങളില്‍ മന്ത്രിമാര്‍ സ്വമേധയാ നടത്തിയ പ്രസ്താവനകളുടെ എണ്ണം 28 ആണ്. 16-ാം ലോക്സഭയില്‍ ഇത് 62-ആയിരുന്നു. അതേസമയം ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ 14-ാം ലോക്സഭയിലിത് 98 എണ്ണവും രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തെ 15-ാം ലോക്സഭയിലിത് 174 എണ്ണവുമായിരുന്നു. പ്രതിഷേധം ഉയര്‍ത്തിയതിന്‍റെ പേരില്‍ 100 എംപിമാരെ ഒറ്റയടിക്ക് സസ്‌പെന്‍ഡ് ചെയ്തതും 17-ാം ലോക്സഭാ കാലയളവില്‍ കണ്ടു. ഇത്തരത്തില്‍ നിയമനിര്‍മ്മാണസഭയുടെ സമഗ്രതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന നടപടികളാണ് കഴിഞ്ഞ പത്തു വര്‍ഷവും ഉണ്ടായത്. സ്വാതന്ത്ര്യാനന്തരം തുടര്‍ന്നുവന്ന എല്ലാ കീഴ്‌വഴക്കങ്ങളും ഇല്ലായ്മ ചെയ്ത് തികച്ചും ഏകാധിപത്യ രീതിയിലായിരുന്നു കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനം.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത ബിജെപിക്കും എന്‍ഡിഎയ്ക്കും ചേര്‍ന്ന് ലോക്‌സഭയില്‍ 300 അംഗങ്ങളാണുള്ളത്. അതേസമയം കോണ്‍ഗ്രസിന്‍റെ 101 അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ക്കെല്ലാം ചേര്‍ന്ന് 230 അംഗങ്ങളും. അത്തരമൊരു സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത്. സ്വേച്ഛാധിപത്യം വിഴുങ്ങാന്‍ തുടങ്ങിയ ഇന്ത്യന്‍ പാര്‍ലമെന്‍ററി പ്രവര്‍ത്തന സമ്പ്രദായത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അതി നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ട്. കീഴ്‌വഴക്കം മറികടന്ന്, എട്ടു തവണ എംപിയായ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിനെ പ്രൊ ടെം സ്പീക്കറാക്കാതിരുന്നതും സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടല്‍ പാത സ്വീകരിക്കുകയും ചെയ്തതിലൂടെ പിന്തുടര്‍ന്നു വന്ന ശൈലിക്ക് മാറ്റമില്ലെന്ന സന്ദേശമാണ് മൂന്നാം മോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ഔദ്യോഗികമായി പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്ക് ക്യാബിനറ്റ് മന്ത്രിയ്ക്ക് തുല്യമായ പദവിയുണ്ടാകും. എല്ലാ പ്രധാന പാര്‍ലമെന്‍ററി സംവാദങ്ങളിലും ചര്‍ച്ചകളിലും പ്രതിപക്ഷ നേതാവിന് പങ്കെടുക്കാം. അത് പ്രതിപക്ഷത്തിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും അവകാശമായി മാറും. രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികള്‍ക്ക് അനുവദിച്ച സമയത്തിന് പുറമെയുള്ള സമയവും പ്രതിപക്ഷ നേതാവിന് ലഭിക്കും. 16-ാം ലോക്സഭയിലും 17-ാം ലോക്സഭയിലും ഔദ്യോഗികമായി പ്രതിപക്ഷ നേതാവില്ലാത്തതിനാല്‍ പ്രതിപക്ഷ നിരയില്‍ നിന്നും ഇത്തരം ഇടപെടലുകള്‍ക്കുള്ള അവസരമാണ് നിഷേധിക്കപ്പെട്ടത്. സ്പീക്കറുടെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഔദ്യോഗികമായി പ്രതിപക്ഷ നേതാവാകുന്നതോടെ സര്‍ക്കാര്‍ നയങ്ങള്‍, ബില്ലുകള്‍, മറ്റ് നിയമനിര്‍മ്മാണ വിഷയങ്ങള്‍ എന്നിവയിലെല്ലാം രാഹുല്‍ ഗാന്ധിക്ക് വിയോജിപ്പുള്ള വീക്ഷണങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയും. സര്‍ക്കാരിന്‍റെ തീരുമാനങ്ങളും നയങ്ങളും ചോദ്യം ചെയ്യാന്‍ അനുമതിക്കായി കാത്തുനില്‍ക്കേണ്ട.

പൊതു പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കാനും അടിയന്തര ദേശീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യപ്പെടാനും പ്രതിപക്ഷ നേതാവിന് അവകാശമുണ്ട്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഉള്‍പ്പെടെയുള്ള പ്രമേയങ്ങളും പ്രതിപക്ഷ നേതാവിന് അവതരിപ്പിക്കാം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, പബ്ലിക് അണ്ടര്‍ടേക്കിംഗ്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി തുടങ്ങിയ പ്രധാന പാര്‍ലമെന്‍ററി സമിതികളില്‍ പ്രതിപക്ഷ നേതാവ് അംഗമായിരിക്കും. വിവിധ പാര്‍ലമെന്‍ററി കമ്മിറ്റികളിലേക്ക് പ്രതിപക്ഷ നിരയില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഇത് അവസരമൊരുക്കും. ലോക്സഭയിലെ സുപ്രധാന നടപടിക്രമങ്ങളും നിയമനിര്‍മ്മാണ കാര്യങ്ങളും തീരുമാനിക്കുമ്പോള്‍ സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധിയുമായി കൂടി ആലോചന നടത്തേണ്ടി വരും. ചീഫ് വിജിലന്‍സ് കമ്മീഷണര്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍, വിവിധ സ്റ്റാറ്റ്യൂട്ടറി സമിതി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന നിയമനങ്ങളിലും സര്‍ക്കാരിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടി വരും. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പ്രതിനിധിയായി അന്താരാഷ്ട്ര വേദികളിലും പാര്‍ലമെന്‍ററി പ്രതിനിധി സംഘങ്ങളിലും രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാം.

സഭയ്ക്കുള്ളില്‍ ഏതുവിഷത്തിലും നിയമപരമായ പ്രത്യാഘാതങ്ങളെ ഭയക്കാതെ സ്വതന്ത്രമായി സംസാരിക്കാന്‍ പ്രതിപക്ഷ നേതാവിന് പ്രത്യേക പരിരക്ഷയുണ്ട്. പാര്‍ലമെന്‍റിനുളളിലോ പാര്‍ലമെന്‍ററി സമിതികളിലോ എന്തെങ്കിലും പറഞ്ഞതിന് പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല. പാര്‍ലമെന്‍റ് സമ്മേളന സമയത്തും സമ്മേളനത്തിന് മുമ്പും ശേഷവുമുള്ള 40 ദിവസങ്ങളിലും സിവില്‍ കേസുകളില്‍ പ്രതിപക്ഷ നേതാവിനെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യാനും കഴിയില്ല. നിയമപരമായ തടസങ്ങളില്ലാതെ പ്രതിപക്ഷ നേതാവിന് പാര്‍ലമെന്‍ററി ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഈ പ്രത്യേക അവകാശം ഉറപ്പാക്കുന്നു. അതേസമയം ക്രിമിനല്‍ കേസുകളിലോ പ്രതിരോധ തടങ്കല്‍ കേസുകളിലോ ഈ പരിരക്ഷ ഉണ്ടാകില്ല.

എന്തായാലും ഇന്ത്യയിലെ കോടിക്കണക്കിന് ജനാധിപത്യ മതേതര വിശ്വാസികളെപ്പോലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ‘ഇന്ത്യാ’ മുന്നണിക്കും പ്രതീക്ഷ നല്‍കുന്നതാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുന്നത്. രാജ്യത്തിന്‍റെ തെക്കേ അറ്റമായ കന്യാകുമാരി മുതല്‍ വടക്കേ അറ്റമായ കശ്മീര്‍ വരെ കാല്‍നടയായും കിഴക്ക് മണിപ്പൂരില്‍ നിന്ന് പടിഞ്ഞാറ് മുംബൈ വരെയും യാത്ര ചെയ്ത് നേടിയ അനുഭവങ്ങളുടെ കരുത്തുമായാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുന്നത്. ഈ യാത്രകളില്‍ കണ്ടറിഞ്ഞ രാജ്യത്തെ ജനങ്ങളുടെ ജീവിത സങ്കീര്‍ണ്ണതകളും കേട്ടറിഞ്ഞ ദുരിത യാഥാര്‍ത്ഥ്യങ്ങളും രാഹുല്‍ ഗാന്ധിയുടെ ഹൃദയതാളത്തില്‍ നിന്നും മാഞ്ഞിട്ടുണ്ടാകില്ല. രാഷ്ട്രത്തെ ഛിന്ന ഭിന്നമാക്കാന്‍ ലക്ഷ്യമിട്ട സാമൂഹിക-രാഷ്ട്രീയ വിഭജന ശ്രമങ്ങളെ മറികടക്കാനുള്ള പ്രതീകാത്മക ശ്രമമായിരുന്നു ഈ യാത്രകളിലൂടെ അദ്ദേഹം നടത്തിയത്. കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ എന്നിവരെയൊക്ക ചേര്‍ത്ത് പിടിച്ച് നടത്തിയ ഈ യാത്രകള്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന വൈവിധ്യമാര്‍ന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് അദ്ദേഹത്തിന് കരുത്ത് പകര്‍ന്നു. ഇന്ത്യ പോലൊരു രാജ്യത്ത് ഐക്യത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി നടത്തിയ രണ്ടു യാത്രകളും ജനങ്ങളുടെ അഭിലാഷങ്ങളും ആശങ്കകളും പ്രതിധ്വനിപ്പിക്കുന്ന ഒരു നേതാവായി അദ്ദേഹത്തെ പരുവപ്പെടുത്തി കഴിഞ്ഞു. അതുകൊണ്ടുതന്നെ രാജ്യത്തെയും ജനങ്ങളെയും ചങ്ങാത്ത മുതലാളിമാര്‍ക്കായി അടിയറവ് വെക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും രാജ്യത്തിന്‍റെ മഹത്തായ ഭരണഘടന സംരക്ഷിക്കാനും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നകാര്യം ഉറപ്പ്.

ഏറ്റെടുക്കുന്ന വിഷയങ്ങളോട് 100 ശതമാനം ആത്മാര്‍ത്ഥതയും അര്‍പ്പണതയും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന കാര്യം ഇന്ന് വിമര്‍ശകര്‍ പോലും അംഗീകരിക്കും. വ്യവസ്ഥാപരമായ അസമത്വങ്ങള്‍ പരിഹരിച്ച് കൂടുതല്‍ തുല്യതയുള്ള ഇന്ത്യക്കായി വാദിക്കുന്ന, ഇന്ത്യയുടെ സങ്കീര്‍ണ്ണതകളെക്കുറിച്ച് സൂക്ഷ്മമായ ധാരണയുള്ള, അനുഭവ കരുത്തിന്‍റെ പിന്‍ബലമുള്ള രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടാനും അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള കഴിവ് സ്വായത്തമാക്കിയ രാഹുല്‍ ഗാന്ധി രാജ്യം കണ്ട ഏറ്റവും ചലനാത്മക പ്രതിപക്ഷ നേതാക്കളിലൊരാളായി അടയാളപ്പെടുത്തും എന്നകാര്യത്തില്‍ സംശയമില്ല. ഇന്ത്യ പലതരം വെല്ലുവിളിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ സഹാനുഭൂതിയും പ്രതിരോധശേഷിയും ജനങ്ങളുമായി ആഴത്തില്‍ വേരൂന്നിയ ബന്ധവും കൈമുതലാക്കിയ രാഹുല്‍ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന് ഊര്‍ജ്ജസ്വലവും ഫലപ്രദവുമായി ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.