കൊവിഡ്: മഞ്ചേരി മെഡിക്കൽ കോളേജിന് രാഹുൽ ഗാന്ധിയുടെ എംപി ഫണ്ടില്‍ നിന്നും അനുവദിച്ച തുക ലഭിച്ചില്ലെന്ന ആരോപണം വാസ്തവവിരുദ്ധം; സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് മലപ്പുറം ഡിസിസി

മലപ്പുറം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് രാഹുൽ ഗാന്ധിയുടെ എംപി ഫണ്ടില്‍ നിന്നും അനുവദിച്ച തുക ലഭിച്ചില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും വാസ്തവ വിരുദ്ധവുമെന്ന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. വി വി പ്രകാശ്.  സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രസ്താവന പിൻവലിച്ചു മാപ്പുപറയാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രഖ്യാപിച്ച ഒരു കോടി 45 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും മാര്‍ച്ച് 25ന് തന്നെ അനുവദിച്ചു കളക്ടർക്ക് കത്ത് നൽകിയതാണ്. 27ന്  ഭരണാനുമതി കളക്ടർ നൽകുകയും ചെയ്തു.  എന്നാൽ ചില ഉപകരണങ്ങളുടെ വിലയിൽ വന്ന മാറ്റത്തെ തുടർന്ന് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുകയും ഏപ്രില്‍ 2ന് കളക്ടർ പുതുക്കിയ ഭരണാനുമതി നൽകുകയും ചെയ്തു.
സർക്കാരിൻറെ ഭരണപരാജയങ്ങളും ,അഴിമതിയും , മറച്ചുവെക്കാൻ ഇല്ലാത്ത കഥകൾ മെനഞ്ഞെടുക്കുകയാണ് സിപിഎം ചെയ്യുന്നത്.

പ്രളയകാലത്ത് ഉൾപ്പെടെ സാമ്പത്തിക പരാധീനതയിൽ നട്ടംതിരിയുന്ന കേരള സർക്കാരിനെ സഹായിക്കാൻ ഒരു ദേശീയ നേതാവ് എന്ന നിലയിൽ മറ്റുള്ള സംസ്ഥാന സർക്കാരുകളിൽ നിന്നും എംപിമാരിൽ നിന്നും വലിയ സാമ്പത്തിക സഹായവും മറ്റു സഹായവുമാണ്  രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തിച്ചത്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മലപ്പുറം പോലുള്ള ഒരു ജില്ലയിലേക്ക് ഇത്രയും സഹായങ്ങളും മറ്റുള്ള സംസ്ഥാനങ്ങളിലെ എംപിമാരിൽ നിന്നും സഹായവും എത്തിച്ചു തന്നതിന് നന്ദി രേഖപ്പെടുത്തുനതിനു പകരമായി രാഹുൽ ഗാന്ധിക്കെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ നെറികെട്ട രാഷ്ട്രീയമായി ജനങ്ങൾ വിലയിരുത്തുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വക്കേറ്റ് വി വി പ്രകാശ് പറഞ്ഞു.

Comments (0)
Add Comment