രാഹുൽ ഗാന്ധി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി ചർച്ച നടത്തി

Jaihind News Bureau
Friday, August 30, 2019

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ പ്രളയബാധിതമേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി ചർച്ച നടത്തി. വണ്ടൂർ നിയോജക മണ്ഡലത്തിലുൾപ്പെട്ട ജനപ്രതിനിധികളുമായാണ് അദ്ദേഹം കൂടിക്കാഴ്ച  നടത്തിയത്.

സ്വന്തം പേരും, ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നുവെന്നും പറഞ്ഞ് പരിചയപ്പെടുത്താനായിരുന്നു രാഹുൽഗാന്ധി മുന്നിലിരിക്കുന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോട് ആവശ്യപ്പെട്ടത്. പരിചയപ്പെടൽ കഴിഞ്ഞ് സ്വന്തം പ്രദേശത്തെ പ്രളയ കെടുതികൾ അവർ രാഹുൽഗാന്ധിക്ക് മുന്നിൽ വിശദീകരിച്ചു. എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന അദ്ദേഹം മറുപടി പ്രസംഗം നടത്തി. നിങ്ങൾ സ്വയം പരിചയപ്പടുത്തിയപോലെ ഞാനും പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞരാഹുൽ ഗാന്ധി താൻ കേവലം ഒരു എം.പി മാത്രമല്ലെന്നും വീട്ടിലെ ഒരംഗത്തെപ്പോലെ കാണണമെന്നും പറഞ്ഞതോടെ സദസിൽ കയ്യടികൾ ഉയർന്നു.

തന്‍റെ എം.പി ഓഫീസിന്‍റെ വാതിലുകൾ എല്ലായ്‌പ്പോഴും തുറന്നു കിടക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. പ്രളയ ബാധിതരുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മേൽ സമ്മർദ്ദം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പാർലമെൻറ് മണ്ഡലത്തിന്‍റെ വികസനത്തിന് ദീർഘകാലടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എപി അനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, കെ.സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.