ഉദ്യോഗാർത്ഥികളെ കേട്ട് രാഹുല്‍‍ ; സമരപ്പന്തല്‍ സന്ദർശിച്ച് കരുതല്‍

Jaihind News Bureau
Tuesday, February 23, 2021

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി എം.പി. തങ്ങളുടെ ആശങ്കകളും ദുഃഖങ്ങളും ഉദ്യോഗാർത്ഥികൾ രാഹുല്‍ ഗാന്ധിയോട് പങ്കുവെച്ചു.

ഐശ്വര്യ കേരള യാത്രയുടെ ശംഖുമുഖത്തെ സമാപന സമ്മേളനത്തിന് ശേഷമാണ് രാഹുൽ ഗാന്ധി സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയത്. രാജ്യത്തെ യുവജനങ്ങളുടെ പ്രതീക്ഷയായ രാഹുലിന്‍റെ വരവിൽ ഉദ്യോഗാർത്ഥികൾ ആദ്യം ഒന്ന് അമ്പരന്നു. പിണറായി സർക്കാർ തങ്ങളോട് കാട്ടുന്ന അനീതി ജനനായകനോട് അവർ പങ്കുവെച്ചു. രാഹുൽ ആദ്യം എത്തിയത് സി.പി.ഒ ഉദ്യോർത്ഥികളുടെ സമരത്തിന് മുന്നിലാണ്. തുടർന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ അടുത്തെത്തി പരാതികൾ കേട്ടു.

 

 

അതിന് ശേഷം യൂത്ത് കോൺഗ്രസ് നേതാക്കളുടെ സമരപ്പന്തൽ സന്ദർശിച്ചു. അവിടെ നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ മാരായ എൻ.എസ് നുസൂർ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരെ കണ്ടു കാര്യങ്ങൾ ആരാഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ശശി തരൂർ എം.പി എന്നിവരും അദദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നു രാഹുലിന്‍റെ സന്ദർശനം.