ന്യൂഡല്‍ഹി: ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് നിർഭയയുടെ മാതാപിപതാക്കള്. ഈ വേളയിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നും ലഭിച്ച സ്നേഹത്തെയും കരുതലിനേയും സഹായത്തേയും കുറിച്ച് വാചാലനാകുകയാണ് നിർഭയയുടെ പിതാവ് . ‘അതിഭീകരമായ അവസ്ഥയിലൂടെ താനും കുടുംബവും കടന്നുപോയപ്പോൾ താങ്ങായും തണലായും ഒപ്പം നിന്നത് രാഹുൽ ഗാന്ധി മാത്രമാണ്. രാഹുൽ തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചു. എന്നാൽ ഇക്കാര്യം മാധ്യമങ്ങൾക്കിടയിലേക്ക് വലിച്ചിഴയ്ക്കാതെ രഹസ്യമായി സൂക്ഷിക്കണമെന്ന് തങ്ങൾക്ക് അദ്ദേഹം കർശന നിർദേശം നൽകിയിരുന്നുവെന്നും ബദ്രിനാഥ് സിങ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘ഒരു മരവിപ്പായി അവളുടെ ഓർമകൾ അവശേഷിക്കുന്ന വേദനയുടെ ഘട്ടത്തിൽ രാഹുൽ ഞങ്ങൾക്ക് ഒപ്പം നിന്ന് സമാശ്വസിപ്പിച്ചു. ആ വേദനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ഇടപെടൽ ദൈവികമായി തോന്നി. നിർഭയയുടെ സഹോദരനെ പൈലറ്റാക്കാൻ രാഹുൽ സഹായിച്ചു. ഈ കരുതലിന് താനും കുടുംബവും എങ്ങനെ നന്ദി പറയുമെന്ന് അറിയില്ല. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് മനുഷ്യത്വമാണ്, രാഷ്ട്രീയമാണ്’- ബദ്രിനാഥ് പറഞ്ഞു. മകന് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇപ്പോൾ അവൻ ഇൻഡിഗോയിൽ ജോലി നോക്കുകയാണ്. ഇതെല്ലാം സാധ്യമായത് രാഹുൽ ഒറ്റ ഒരാളുടെ പിന്തുണമൂലമാണെന്നും അദ്ദേഹം പറഞ്ഞു.