എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണം, കേന്ദ്രത്തിന്‍റെ വീഴ്ച ലോക്ഡൗണ്‍ അനിവാര്യമാക്കി ; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Jaihind Webdesk
Friday, May 7, 2021

 

ന്യൂഡല്‍ഹി : കൊവിഡ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ അനിവാര്യമാക്കുന്നത് സര്‍ക്കാരിന്റെ പരാജയമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന് വ്യക്തമായ ഒരു വാക്‌സിനേഷന്‍ പദ്ധതി ഇല്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗബാധ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായ ലോക്ഡൗണ്‍ അനിവാര്യമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രാജ്യത്ത് അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും വൈറസിനെ രാജ്യം അതിജീവിച്ചെന്ന അമിതാത്മവിശ്വാസം പ്രകടിപ്പിച്ചതും ഇന്ത്യയെ ഇന്നത്തെ ഗുരുതര സ്ഥിതിയിലേക്കെത്തിച്ചു. ഇപ്പോള്‍ നമ്മുടെ എല്ലാ സംവിധാനങ്ങളെയും മറികടന്ന് രോഗം സ്‌ഫോടനാത്മകമായി വളരുകയാണ്. മഹാമാരി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ പരാജയം മറ്റൊരു ലോക്ക്ഡൗണ്‍ അനിവാര്യമാക്കിയിരിക്കുന്നു.- രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊവിഡ് സുനാമി നിയന്ത്രിക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാന്‍ നിര്‍ബന്ധിതനായത്. ഇത്തരമൊരു അഭൂതപൂര്‍വമായ പ്രതിസന്ധിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ ആയിരിക്കണം പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ താങ്കളുടെ എല്ലാ അധികാരവും ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

അടിയന്തര സ്വഭാവമുള്ള വിഷയങ്ങളെ താമസമില്ലാതെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. സമയംപാഴാക്കാതെ രോഗവ്യാപന രീതി വിലയിരുത്തുകയും ജീനോം സ്വീക്കന്‍സിങ് നടത്തി വൈറസിന്റെ ജനിതക വ്യതിയാനം പഠനവിധേയമാക്കുകയും വേണം. ജനിതക വ്യതിയാനം വന്ന വൈറസുകള്‍ക്കെതിരെ നിലവിലുള്ള വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് കൃത്യമായി വിലയിരുത്തണം. രാജ്യത്തെ ജനങ്ങള്‍ക്ക് മഴുവനും പരമാവധി വേഗത്തില്‍ വാക്‌സിന്‍ നല്‍കണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഭക്ഷണവും നല്‍കണമെന്നും  രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.