രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാരുടെ സംഘം ഇന്ന് ഹാത്രസിലേക്ക് ; യോഗിയുടെ രാജി ആവശ്യത്തിലുറച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Saturday, October 3, 2020

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് എം.പി മാരുടെ സംഘം ഇന്ന് ഹാത്രസ്‌ സന്ദർശിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തെ നേരിൽ കാണുന്നതിനാണ് കോണ്‍ഗ്രസ് സംഘം ഹാത്രസ്‌ സന്ദർശിക്കുന്നത്. അതേ സമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ നുണ പരിശോധന നടത്താൻ ഒരുങ്ങുകയാണ് യു.പി പൊലീസ്. ഹാത്രസ്‌ പെണ്‍കുട്ടിയുടെ മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. അതേ സമയം പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴും വീട്ടുതടങ്കലിൽ തന്നെ തുടരുകയാണ്.

ഹാത്രസിൽ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവത്തിൽ എസ്.പി, ഡി.എസ്.പി ഉൾപ്പെടെയുള്ളവരെ യു പി സർക്കാർ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ ഇത് വിഷയത്തിൽ നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസുകാരുടെ മേൽ ഉത്തരവാദിത്വം വെച്ചുകെട്ടി രക്ഷപെടാൻ യോഗി ആദിത്യനാഥിന് കഴിയില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പോലീസ് ആരുടെ ഉത്തരവാണ് നടപ്പാക്കിയത് എന്ന് വ്യക്തമാക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പുറത്ത് വിടണം. രാജ്യം എല്ലാം കാണുന്നുണ്ട്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗി ആദിത്യനാഥ് രാജിവെക്കണം എന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.

വിഷയത്തിൽ യു.പിയിലും യു.പിക്ക് പുറത്തും പ്രതിഷേധം കനക്കുകയാണ്. അതേ സമയം പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാൻ പോലീസ് ആരെയും അനുവദിക്കുന്നില്ല. കുടുംബം ഇപ്പോഴും വീട്ടുതടങ്കലിൽ തന്നെ തുടരുകയാണ്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് നിലപാടിനെ ഖണ്ഡിക്കുന്ന തെളിവാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

നേരത്തെ  പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്രതിരിച്ച രാഹുല്‍ ഗാന്ധിക്കും സംഘത്തിനും നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. രാഹുല്‍ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്യുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. പ്രവർത്തകർക്ക് നേരെയും പൊലീസ് ലാത്തിച്ചാർജ് നടത്തി. വാഹനവ്യൂഹത്തെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയാത്രയായിട്ടാണ് ഇരുവരും പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് നീങ്ങിയത്. ഒടുവില്‍ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് നടത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീടിന് ഒന്നരകിലോമീറ്റർ അകലെ റോഡുകളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്.